കടബാധ്യതയുണ്ടെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ഥി ജീവനൊടുക്കി

വാഷിംഗ്ടണ്‍- ഓഹരി വിപണിയില്‍ 7,30,000 ഡോളര്‍ ബാധ്യതയുണ്ടെന്ന് തെറ്റിദ്ധരിച്ച 20 കാരന്‍ കോളേജ് വിദ്യാര്‍ഥി അമേരിക്കയില്‍ ജീവനൊടുക്കി.

ഓഹരികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുളള റോബിന്‍ഹുഡ് ഓണ്‍ലൈന്‍ സ്‌റ്റോക്ക് ട്രേഡിംഗ് ആപില്‍ ഇത്രയും തുകയുടെ ബാധ്യത കാണിച്ചതിനാലാണ് അലക്‌സാണ്ടര്‍ ഇ കിയാണ്‍സ് ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

സാമ്പത്തികമായി തകര്‍ന്നുവെന്ന് വ്യക്തമാക്കിയ ആത്മഹത്യാ കുറിപ്പില്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇല്ലിനോയിയിലെ നേപര്‍വില്ല പട്ടണത്തില്‍ ട്രെയിനിനു മുന്നില്‍ ചാടിയാണ് യുവാവ് മരിച്ചത്. കിയാണ്‍സിന്റെ മാതാപിതാക്കള്‍ കണ്ടെടുത്ത കുറിപ്പ് പിന്നീട് മറ്റൊരു ബന്ധു സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

യഥാര്‍ഥത്തില്‍ 7,30,000 ഡോളറിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെന്നും ആപില്‍ കാണിച്ച തുക പിന്നീട് വിപണി ക്ലോസ് ചെയ്ത ശേഷം സെറ്റില്‍ ചെയ്യുന്നതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. കിയാണ്‍സിന്റെ മരണം കണ്ണുതുറപ്പിച്ചിരിക്കയാണെന്നും ഒപ്ഷന്‍സ് ട്രേഡിംഗിന്റെ കാര്യത്തില്‍ തങ്ങളുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും റോബിന്‍ഹുഡ് ആപ്പിന്റെ സ്ഥാപകര്‍ പറഞ്ഞു.  

 

Latest News