Sorry, you need to enable JavaScript to visit this website.

ഗല്‍വാന്‍ സംഭവത്തില്‍ വ്യക്തത ആവശ്യപ്പെട്ട് മുന്‍ ജനറല്‍മാര്‍

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികര്‍ കൊലപ്പെടുത്തിയ സൈനികന്‍ സത്‌നം സിംഗിന്റെ മൃതദേഹം സ്വദേശമായ ഗുര്‍ദാസ്പുരിലെ ഭോജ്‌രാജ് ഗ്രാമത്തിലെത്തിച്ചപ്പോള്‍ മക്കളായ സന്ദീപ് കൗറും പ്രഭ്‌ജോത് സിംഗും

ന്യൂദല്‍ഹി- ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികര്‍ ആക്രമിച്ച ഇന്ത്യന്‍ ഭടന്മാരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുവെന്ന  വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനക്കു പിന്നാലെ കൂടുതല്‍ ചോദ്യങ്ങളുമായി നിരവധി മുന്‍ സൈനിക മേധാവികള്‍ രംഗത്ത്.
അതിര്‍ത്തിയില്‍ സൈനികര്‍ എപ്പോഴും സായുധരാണെന്നും ഗല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടലുണ്ടായ ജൂണ്‍ 15 നും ഇതു തന്നെയായിരുന്നു സ്ഥിതിയെന്നും ജയശങ്കര്‍ വിശദീകരിച്ചിരുന്നു.
ഗല്‍വാന്‍ താഴ്‌വരിയിലെ സംഭവങ്ങളിലുണ്ടായ ആശയക്കുഴപ്പങ്ങള്‍ ദൂരീകരിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ചൈനീസ് പ്രചാരണത്തില്‍ നമ്മുടെ മനോവീര്യം തകരാന്‍ പാടില്ലെന്നും മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ് ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനു മറുപടിയായാണ് അതിര്‍ത്തിയില്‍ സൈനികര്‍ എപ്പോഴും ആയുധങ്ങള്‍ കൈവശം വെക്കാറുണ്ടെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ വിശദീകരിച്ചിരുന്നത്. അതേസമയം, 1996 ലെയും 2005 ലെയും അതിര്‍ത്തി കരാറുകളുടെ അടിസ്ഥാനത്തില്‍ വെടിവെപ്പ് പാടില്ലെന്നത് ദീര്‍ഘകാലമായി പാലിക്കുന്ന സമ്പ്രദായമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സൈന്യം കൃത്യമായ വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനാല്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണെന്ന് മുന്‍ നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലെഫ്.ജന. എച്ച്.എസ്. പാങ് പറഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ തുടക്കത്തില്‍ തന്നെ സൈന്യത്തിന് ഉത്തരവാദിത്തമുണ്ടായിരുന്നു. ഈ പ്രാഥമിക റിപ്പോര്‍ട്ടിനു ശേഷം അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് പിന്നീട് പുറത്തു വിട്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ബി. സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ആറിന് കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടും ഗല്‍വാന്‍ പ്രദേശത്ത് തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സൈനികര്‍ ആക്രമിക്കപ്പെടുകയായിരുന്നു. 1993, 1996, 2005 വര്‍ഷങ്ങളില്‍ ഇന്ത്യാ, ചൈനാ സൈന്യം തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തുന്നതിനുണ്ടാക്കിയ കരാറുകള്‍ ഫലപ്രദമല്ലെന്നും പുനഃപരിശോധിക്കണമെന്നും മുന്‍ സൈനിക മേധാവി ജനറല്‍ വി.പി. മാലിക് 1997 മുതല്‍ ആവശ്യപ്പെടുന്നുണ്ട്. കരാറുകളിലെ പത്താം വകുപ്പ് പിന്തുടരുന്നില്ലെങ്കില്‍ രണ്ടു മുതല്‍ ഒമ്പതു വരെയുള്ള വകുപ്പുകള്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും നിയന്ത്രണ രേഖയില്‍ അവ്യക്തതയും അനിശ്ചിതത്വവും  തുടരുമെന്നും ഗല്‍വാന്‍ മാത്രമല്ല, മറ്റു സ്ഥലങ്ങളിലും ഇതു തന്നെയായിരിക്കും സ്ഥിതിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിയന്ത്രണ രേഖയുടെ രണ്ട് കി.മീ പരിധിയില്‍ വെടിവെപ്പ് നടത്താനോ മാരകമായ രാസവസ്തുക്കളോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിക്കാനോ പാടില്ലെന്ന് 1993 ലെയും 1996 ലെയും കരാറുകളിലെ ആറാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. നിയന്ത്രണ രേഖയില്‍ ഏതെങ്കിലും പ്രശ്‌നത്തിന്റെ പേരില്‍ സൈനികര്‍ മുഖാമുഖം വന്നാല്‍ സംയമനം പാലിക്കണമെന്നും സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കരാറില്‍ പറയുന്നു.

 

Latest News