മങ്കട- മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചും മതസ്പർധ വളർത്തുന്ന രീതിയിലും പോസ്റ്ററുകൾ നവമധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കുറുവ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുരളി പുന്നക്കുഴിക്കെതിരെയാണ് നടപടി.
പൗരത്വ പ്രക്ഷോഭ സമയത്ത് ദൽഹിയിൽ കലാപം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയുടെ പാർട്ടിയാണെന്ന് മുരളി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. മദ്രസ അധ്യാപകർക്ക് സർക്കാർ ക്ഷേമനിധിയിൽ നിന്ന് സഹായം നൽകുന്നത് ന്യൂനപക്ഷങ്ങളെ വഴിവിട്ട് സഹായിക്കലാണെന്ന് വിമർശിച്ചിരുന്ന മുരളി സർക്കാർ ലോട്ടറിക്കെതിരെയും മോശമായ ഭാഷയിൽ പ്രചരണം നടത്തിയിരുന്നു. പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കും വിലങ്ങ് തടിയാവുന്ന രീതിയിലാണ് ഈ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് നേരത്തെ പരാതികളുണ്ടായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ലീവിൽ പ്രവേശിച്ചപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത് മുരളിയാണ്. പഞ്ചായത്തില കോവിഡ് പ്രവർത്തനങ്ങളെ മുഴുവൻ താളം തെറ്റിക്കുന്ന നിലപാടാണ് മുരളി സ്വീകരിച്ചതെന്നും ആരോപണമുണ്ട്. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ച ഈ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഇടതുമുന്നണി കമ്മിറ്റി നേരത്തെ പരാതികൾ നൽകിയിരുന്നു.






