കൊച്ചി- ഒരു വർഷം മുമ്പ് എറണാകുളത്ത് അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് കുളച്ചൽ സ്വദേശി മരിയാർപുതം (ജോൺസൺ-57) ജയിൽ ശിക്ഷ പുറത്തിറങ്ങിയതോടെ ജനം വീണ്ടും ഭീതിയിൽ. ഇന്നലെയാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്ന് ഇയാൾ ശിക്ഷ കാലാവധി പൂർത്തിയാക്കി ഇറങ്ങിയത്. ജയിൽ മോചിതനായാൽ എറണാകുളം നഗരത്തിൽ വീണ്ടും കവർച്ചാ പരമ്പര നടത്തുമെന്നു 'ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ജില്ലാ ജയിലിൽ തടവുകാരുമായെത്തിയ പൊലീസുകാരോടാണ് താൻ വീണ്ടും കൊച്ചിയിൽ കവർച്ച നടത്തുമെന്നു ഭീഷണി മുഴക്കിയത്. ഇയാളെ കരുതിയിരിക്കണമെന്നും ആളെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അറിയിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു.
കേരളത്തിലും പുറത്തുമായി നാനൂറോളം കവർച്ചാ കേസുകളിൽ പ്രതിയായ മരിയാർ പുതം 2019 ആദ്യം എറണാകുളം നഗരത്തിൽ കവർച്ചാ പരമ്പര നടത്തി പൊലീസിനും ജനങ്ങൾക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഗോപി ലോറൻസ് എന്നാണ് ശരിക്കുമുള്ള പേര്. വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് ആക്രി വിൽപ്പനക്കാരനായിരുന്ന ഇയാൾക്ക് നഗരത്തിലെ ഇടറോഡുകളുൾപ്പെടെ ഹൃദിസ്ഥമാണ്. 2018 നവംബറിൽ പോണ്ടിച്ചേരി ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി കേരളത്തിലെത്തി തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചു മോഷണം നടത്തി വരികയായിരുന്നു. എറണാകുളത്തെ ഒരു ലോഡ്ജിലായിരുന്നു താമസം. പകൽ ലോ!ഡ്ജിൽ കഴിച്ചു കൂട്ടി രാത്രി കാലങ്ങളിൽ മോഷ്ടിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്പോർട്സ് ബൈക്കിൽ കറങ്ങി നടന്നായിരുന്നു മോഷണം. 2019 മെയിൽ രാത്രികാല പെട്രോളിങിനിടെ പൊലീസിനെ കണ്ട് വാഹനം നിർത്താതെ പോയ മരിയാർപുതത്തെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. അറസ്റ്റിലായപ്പോൾ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ മൂന്നു മോഷണ കേസുകളിലും നോർത്ത് , സെൻട്രൽ, തിരുവനന്തപുരം വഞ്ചിയൂർ, മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണ കേസുകളിലും പ്രതിയാണെന്നു തിരിച്ചറിഞ്ഞിരുന്നു. തമിഴ്നാട്ടിൽ അഞ്ചു പ്രാവശ്യം ഗുണ്ടാ ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്് . ചെന്നൈ പുരസരവാക്കം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. നിരവധി കേസുകളിലായി ഇതിനോടകം വർഷങ്ങളുടെ ജയിൽ ശിക്ഷ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് 2012ലും 2017ലും മോഷണക്കേസിൽ നോർത്ത് പൊലീസിന്റെ പിടിയിലാവുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ചെടുക്കുന്ന സ്വർണം ഭാര്യയെയും മകളെയും മറ്റും കാമുകിമാരെക്കൊണ്ടും വിറ്റ് ആർഭാട ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി. പൊതുനിരത്തിലൂടെ സഞ്ചരിക്കാതെ ട്രെയിനിലോ മറ്റോ എത്തി മതിൽക്കെട്ട് ചാടിക്കടന്ന് നടക്കുകയും എവിടെയെങ്കിലും കുറ്റിക്കാട്ടിലോ ഒഴിഞ്ഞ വീടുകളിലോ പതിയിരിക്കുകയും രാത്രി മോഷണം നടത്തുകയും ചെയ്യുന്നതാണ് പതിവ്.