കൊച്ചി- സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ നഞ്ചമ്മയെ മലയാളികൾ അങ്ങനെ മറക്കില്ല. ആരുമറിയാതിരുന്ന തന്നെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ സച്ചിയെ കാണാൻ ഇന്നലെ നഞ്ചമ്മയെത്തി. ചേതനയറ്റ ആ ശരീരം കണ്ട് പൊട്ടിക്കരഞ്ഞു നഞ്ചമ്മ. എന്റെ സാറേ, ഒന്നെണിക്കൂ സാറേ, ഞാനാ പാട്ടൊന്നു കൂടി പാടിത്തരാം...നഞ്ചമ്മയുടെ കരച്ചിൽ ഉച്ചസ്ഥായിയിലായി. നഞ്ചമ്മ പാടിയ അയ്യപ്പനും കോശിയിലെ ദൈവമകളേ എന്ന പാട്ടായിരുന്നു സച്ചിക്ക് ഏറ്റവും പ്രിയപ്പെട്ടത്. മകളെ നഷ്ട്ടപെട്ട അമ്മയുടെ ദുഃഖം കലർന്ന പാട്ടാണത് .സച്ചിക്ക് അട്ടപ്പാടിയും നഞ്ചമ്മയും ഏറെ പ്രിയപ്പെട്ടതായിരുന്നു.അട്ടപ്പാടിയെ ഏറെ ഇഷ്ട്ടപെട്ട സച്ചിസാറാണ് തനിക്ക് ജീവിതം തന്നതെന്ന് നഞ്ചമ്മ പറയുന്നു. ആദ്യമായി എറണാകുളം നഗരം കാണാൻ ഒപ്പം കൊണ്ടുവന്നു, പാട്ടുപാടിച്ചുവെന്നു മാത്രമല്ല ,ജീവിതത്തിൽ സംഭവിച്ച നല്ലതെല്ലാം സാറാണ് കൊണ്ടുവന്നത്. നാലുദിവസം മുമ്പ് വിവരമറിയുമ്പോൾ തൊട്ട് പ്രാർ ഥനയിലായിരുന്നു. എഴുന്നേറ്റ് വരുമെന്നാണ് കരുതിയത്. വ്യാഴാഴ്ച രാത്രി വിവരമറിഞ്ഞപ്പോൾ ഉറങ്ങാനായില്ല. സച്ചി സാർ എനിക്ക് ദൈവത്തെപ്പോലെയാണ്. ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുമ്പ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.സച്ചിയെ അനുസ്മരിക്കുമ്പോൾ നഞ്ചമ്മയുടെ വാക്കുകൾ ഇടറി.