കണ്ണൂർ - കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. എന്നാൽ ജനങ്ങൾ ഭയ ചകിതരാവേണ്ടതില്ല. മതിയായ ജാഗ്രത പാലിച്ചാൽ മതി. കണ്ണൂരിൽ ഇതുവരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് വകുപ്പു ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വളരെ വലുതാണ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി ആരോഗ്യ വകുപ്പിലെ പ്രത്യേക സംഘത്തെ നിയോഗിക്കും -മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയാൻ പ്രവാസികളുടെ പരിശോധന മാത്രമാണ് മാർഗം. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ചു കൊണ്ടുവരുന്നത് ഒഴിവാക്കിയേ പറ്റൂ. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പല്ല, ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. അതിനിടെ, കണ്ണൂരിൽ സ്ഥിതിഗതികൾ ഗുരുതരമായതിനാൽ 144 പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ജില്ലാ ഭരണകൂടത്തിനു കത്തു നൽകി.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂർ നഗരം മുഴുവനും അടച്ചു. കോർപറേഷനിലെ പതിനൊന്ന് ഡിവിഷനുകളാണ് ഇന്നലെ അടച്ചത്. കഴിഞ്ഞ ദിവസം 3 ഡിവിഷനുകൾ അടച്ചിരുന്നു. കണ്ണൂർ നഗരത്തിൽ കടകമ്പോളങ്ങൾ പൂർണമായും അടച്ചു. സ്വകാര്യ ബസുകളടക്കം സർവീസ് നിർത്തിവെച്ചു. വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് നഗരത്തിലേക്കു കടത്തി വിടുന്നത്.