Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉറവിടമറിയാതെ രോഗ വ്യാപനം;  കണ്ണൂരിൽ ജനങ്ങൾ ഭീതിയിൽ

കണ്ണൂർ - രോഗബാധയുടെ ഉറവിടം അജ്ഞാതം, കണ്ണൂരിൽ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരൻ പടിയൂരിലെ സുനിൽ കുമാറിനും കണ്ണൂരിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് ഇനിയും വ്യക്തമായില്ല. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അധികൃതർ ആവർത്തിച്ചു പറയുമ്പോഴും കണ്ണൂരിലെ പല ഭാഗങ്ങളിലുമുള്ള ജനങ്ങൾ ഭീതിയിലാണ്. 
രോഗവ്യാപനം മാത്രമല്ല, അത് മാരകമായ രീതിയിൽ ബാധിക്കുന്നുവെന്നതും ആശങ്കക്കു കാരണമാണ്. കഴിഞ്ഞ ദിവസം മരിച്ച സുനിൽ കുമാറിന് യാതൊരു വിധ രോഗങ്ങളും ഉണ്ടായിരുന്നില്ല. മാത്രമല്ല, ശാരീരികമായി എറെ കരുത്തനുമായിരുന്നു. എന്നാൽ രോഗ വ്യാപനമുണ്ടായി മൂന്നു ദിവസത്തിനകം ഇദ്ദേഹത്തെ വെൻഡിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടിവന്നു. 


സുനിൽ കുമാറിനു എവിടെ നിന്നാണ് രോഗബാധയുണ്ടായെതെന്ന് ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ലഹരി കടത്തു കേസുമായി ബന്ധപ്പെട്ട പ്രതിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിലും എത്തിച്ചു വന്നതിനു പിറ്റേന്നാണ് ഇദ്ദേഹത്തിനു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്. ഇത് വകവെക്കാതെ അന്നു ജോലിക്കു പോയി. പിറ്റേന്ന് രാത്രിയാണ് പനിയും തലവേദനയും അടക്കമുള്ള ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. അതിന്റെ പിറ്റേന്ന് രോഗ പരിശോധന നടത്തുകയും പോസറ്റീവാണെന്ന് കണ്ടതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ കടുത്ത ന്യൂമോണിയയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാവുകയും ചെയ്തു. മണിക്കൂറുകൾക്കകം നില അതീവ ഗുരുതരമാവുകയും വെൻഡിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. രോഗ പ്രതിരോധ ശേഷി തീരെയില്ലാത്തവർക്കു വരുന്ന വിധത്തിലുള്ള അണുബാധയാണ് ഇദ്ദേഹത്തിനുണ്ടായത്. ഇതിനായുള്ള ഏറ്റവും ആധുനിക ചികിത്സ നൽകിയെങ്കിലും അണുബാധ കുറക്കാനായില്ല. മാത്രമല്ല, രക്തസമ്മർദമടക്കമുള്ളവ ഭീതിദമാം വിധം ഉയരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. രക്തത്തിൽ ഓക്‌സിജന്റെ അളവ് വളരെ കുറയുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാവുകയും അത് മരണത്തിലേക്കു നയിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. കൂടിയ അളവിൽ നേരിട്ട് അണുബാധയുണ്ടായതാണ് ഈ അവസ്ഥക്കു കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. 
സുനിൽ കുമാറിന്റെ സമ്പർക്ക പട്ടികയിൽ നൂറുകണക്കിനാളുകളുണ്ട്. ഇവരുടെ ലിസ്റ്റ് തയാറാക്കി വരുന്നതേയുള്ളൂ. ഇതിൽ അടുത്ത ബന്ധുക്കളും ഇടപെഴകിയവരുമായ 37 പേരുടെ സ്രവ പരിശോധന ആരംഭിച്ചിട്ടുണ്ട്. സമ്പർക്ക പട്ടികയിലെ മുഴുവൻ പേരെയും കണ്ടെത്താനും പരിശോധന നടത്താനും സാധിക്കില്ലെന്നതാണ് ഏറെ ആശങ്കയുയർത്തുന്നത്. 


കണ്ണൂരിൽ രോഗബാധയുണ്ടായ പതിനാലുകാരനും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ചികിത്സയിൽ കഴിയുന്ന ഇയാളുടെ നില തൃപ്തികരമാണെന്നതാണ് ആശ്വാസം. ഈ കുട്ടിയുടെ വീട്ടിൽ ആർക്കും രോഗബാധയില്ല. ആരും വിദേശത്തു നിന്നോ രോഗബാധയുള്ള സംസ്ഥാനങ്ങളിൽ നിന്നോ വന്നിട്ടുമില്ല. പുറത്തുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്. കണ്ണൂരിലെ പ്രശസ്തമായ ഇലക്‌ട്രോണിക്‌സ് സ്ഥാപനം മുതൽ നിരവധി കടകളിലും മാർക്കറ്റിലും വരെ ഈ കുട്ടി കഴിഞ്ഞ ദിവസങ്ങളിൽ പോയിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായതിനു ശേഷമാണ് പരിശോധന നടത്തിയതും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചതും. ഈ കുട്ടിയുടെ സമ്പർക്ക പട്ടിക വളരെ വലുതാണ്. മുഴുവൻ പേരെയും കണ്ടെത്തുക അതീവ ദുഷ്‌കരമാണ്. സമ്പർക്കത്തിൽ പോയ സ്ഥലം മുഴുവൻ അടച്ചിടുകയാണ് ഇപ്പോൾ ചെയ്തത്. 
കണ്ണൂർ ജില്ലയിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും കോവിഡ് രോഗികളും ഹോട്ട് സ്‌പോട്ടുകളും ഉണ്ട്. ഈ പ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും ആശങ്കയിലാണ്. നേരത്തേയുണ്ടായിരുന്ന ജാഗ്രതയിൽ ഇളവു വന്നതും ആശങ്ക ഉയർത്തുന്നതാണ്. 

Latest News