മലപ്പുറം- വിദേശത്ത് കോവിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാറിന് മനസിലായെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതുകൊണ്ടാണ് 25 വരെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ പിടിവാശിയിൽ നിൽക്കുകയാണെങ്കിൽ നാളെ മുതൽ വരാനുളള മുഴുവൻ വിമാനങ്ങളും മുടങ്ങുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ മാസം 25 വരെ വിദേശത്ത്‌നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് സംസ്ഥാന സർക്കാർ ഏതാനും നിമിഷം മുമ്പ് അറിയിച്ചിരുന്നു. അതേസമയം, 25നകം വിദേശത്ത് കോവിഡ് പരിശോധനക്കുള്ള സംവിധാനം ഒരുക്കുമെന്നും സർക്കാർ അറിയിച്ചു.