ബിക്കാനിര്‍- ഡല്‍ഹി സ്വദേശിയായ 28-കാരിയെ രാജസ്ഥാനിലെ ബിക്കാനിറില്‍ നിന്ന് പട്ടാപ്പകല്‍ തട്ടികൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. ബിക്കാനിറിനടുത്തുള്ള റിഡ്മല്‍സര്‍ പുരോഹിതനില്‍ തന്റെ ഉമസസ്ഥതയിലുള്ള ഭൂമി പരിശോധിക്കാനായി എത്തിയതായിരുന്നു യുവതി. തിരിച്ചു പോകാനായി വാഹനം കാത്തു നില്‍ക്കുമ്പോള്‍ കാറിലെത്തിയ രണ്ടംഗ സംഘം തന്നെ വലിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയയിരുന്നെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പകല്‍ 2.30-നാണ് ജയ്പൂര്‍ റോഡില്‍ വച്ച് തന്നെ തട്ടിക്കൊണ്ടു പോയതെന്നും ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നു.
രണ്ടംഗ സംഘം മണിക്കൂറുകളോളം പലയിടങ്ങളിലൂടേയും ചുറ്റിക്കറങ്ങുന്നതിനിടെ കാറിനുള്ളില്‍ വച്ച് പലതവണ ബലാല്‍സംഗം ചെയ്‌തെന്ന് യുവതി പരാതിപ്പെട്ടു. പിന്നീട് ഇവര്‍ മറ്റു ആറു പേരെ കൂടി വിളിച്ചുവരുത്തി. അവരും പീഡിപ്പിച്ചു. ശേഷം പലാന ഗ്രാമത്തിലെ ഒരു വൈദ്യുതി നിലയത്തിനു സമീപത്തെ വിജനമായ സ്ഥലത്ത് കൊണ്ടു പോയി. ഇവിടെ വച്ചാണ് കൂടുതല്‍ പേരുടെ ബലാല്‍സംഗത്തിനിരയായതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ബിക്കാനിര്‍ ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ ജയ് നാരായന്‍ വ്യാസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. തിരിച്ചറിയാവുന്ന രണ്ടു പേര്‍ക്കെതിരേയും തിരിച്ചറിയാത്ത 21 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം യുവതിയെ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ തട്ടികൊണ്ടു പോയ അതേ സ്ഥലത്തു തന്നെ രണ്ടംഗ സംഘം ഇറക്കിവിടുകയായിരുന്നെന്ന് എഫ് ഐ ആറില്‍ പറയുന്നു. ഇവിടെ തെളിവെടുപ്പ് നടത്തിയ പോലീസിന് ഗര്‍ഭനിരോധന ഉറകള്‍ ലഭിച്ചു. യുവതി വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. രണ്ടംഗ സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ നമ്പറും കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും യുവതി പോലീസിനു നല്‍കിയിട്ടുണ്ട്.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സ്ത്രീ സുരക്ഷയില്‍ ഏറ്റവും പിന്നിലായ ആദ്യ മൂന്നു സംസ്ഥാനങ്ങളിലൊന്നാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍. ബിജെപി ഭരിക്കുന്ന മധ്യപ്രദേശും മഹാരാഷ്ട്രയുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.