Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിജയകുമാർ ജീവനൊടുക്കിയത് വീട് ലഭിക്കാത്തതിലുള്ള വിഷമത്തിലെന്നു ബന്ധുക്കൾ

വിജയകുമാർ ജീവനൊടുക്കിയ ഷെഡ്.

പുൽപള്ളി-മുള്ളൻകൊല്ലി പഞ്ചായത്തിലെ പാറക്കടവ് മാടപ്പള്ളിക്കുന്ന്  കമാലാലയം വിജയകുമാർ എന്ന അമ്പിളി ജീവനൊടുക്കിയത് അർഹതപ്പെട്ട വീട് ലഭിക്കാത്തതിലുള്ള വിഷമത്തിലെന്നു ബന്ധുക്കൾ. 45കാരനായ വിജയകുമാറിനെ കഴിഞ്ഞയാഴ്ചയാണ് താമസസ്ഥലത്തു തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ പത്താം വാർഡിലാണ് വിജയകുമാറിന്റെ കുടുംബം. വാർഡിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിൽ  കഴിയുന്ന ഏക കുടുംബം ഇദ്ദേഹത്തിന്റേതാണ്. എങ്കിലും ലൈഫ്, പി.എം.എ  ഭവന പദ്ധതികളിൽ മതിയായ പരിഗണന ലഭിച്ചില്ല. പി.എം.എവൈ ഗുണഭോക്തൃപട്ടികയിൽ 51-ാം സ്ഥാനത്താണ്. ഭാര്യ സ്മിതയും മൂന്നു മക്കളും അടങ്ങുന്നതാണ്  വിജയകുമാറിന്റെ കുടുംബം.
ആശാരിപ്പണിയെടുത്താണ് വിജയകുമാർ കുടുംബം പോറ്റിയിരുന്നത്. രോഗിയായതോടെ പണിക്കുപോകാൻ കഴിയാതായി. ഭാര്യ കൂലിപ്പണിയെടുത്തുകിട്ടുന്ന വരുമാനത്തെയാണ്  കുടുംബം ദൈനംദിന ജീവിതത്തിനു ആശ്രയിച്ചിരുന്നത്.
സ്വന്തമായുള്ള പത്തു സെന്റിലെ ഓടുമേഞ്ഞ വീട് വാസയോഗ്യമല്ലാതായതോടെയാണ് ലൈഫ് പദ്ധതി ഗുണഭോക്താവാകാൻ വിജയകുമാർ ശ്രമം തുടങ്ങിയത്. ഉണ്ടായിരുന്ന വീട്  പുതിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ രണ്ടുവർഷം മുമ്പ് പൊളിച്ചുമാറ്റി. പ്ലാസ്റ്റിക്ഷീറ്റ് മറച്ചുകെട്ടിയ ഷെഡിലേക്ക്  കുടുംബം താമസം മാറ്റി. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കില്ലെന്നറിഞ്ഞതോടെയാണ് പി.എം.എ പദ്ധതിയിൽ  ഭാര്യയുടെ പേരിൽ വീടിനു അപേക്ഷിച്ചത്. ഇതും വെറുതെയായെന്നു ബോധ്യപ്പെട്ടതോടെ ഉണ്ടായ മാനസികത്തകർച്ചയാണ് നനഞ്ഞൊലിക്കുന്ന ഷെഡിൽ ജീവിതം അവസാനിപ്പിക്കാൻ വിജയകുമാറിനു പ്രേരണയായതെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ടവർ പി.എം.എ.വൈ ഗുണഭോക്തൃ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ ഇടംപിടിച്ചപ്പോഴാണ്  വിജയകുമാറിന്റെ ഭാര്യയുടെ പേര് വളരെ പിന്നിലായത്.  ഗ്രാമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ വീട് ലഭിക്കുമെന്ന് ഉറപ്പുലഭിച്ചെങ്കിലും പഞ്ചായത്തിൽ അർഹമായ പരിഗണന കിട്ടിയില്ല. വാർഡ് വികസന സമിതിയും പഞ്ചായത്തും നടത്തിയ കള്ളക്കളികളാണ് ഗുണഭോക്തൃ പട്ടികയിൽ അർഹമായ സ്ഥാനം ലഭിക്കാതെപോയതിനു കാരണമെന്നാണ് ബന്ധുക്കൾ കരുതുന്നത്. വിജയകുമാറിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  കുടുംബത്തിനു നഷ്ടപരിഹാരം അനുവദിക്കണമെന്നു ആവശ്യപ്പെട്ടു പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിക്കാൻ ആലോചനയുണ്ടെന്നും  ബന്ധുക്കൾ പറഞ്ഞു.

 

 

Latest News