പട്ടിണി റിപ്പോര്‍ട്ട് ചെയ്തതിന് കേസ്; ലജ്ജാകരമെന്ന് പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ലോക് ഡൗണ്‍ ഏല്‍പിച്ച ആഘാതത്തെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മാധ്യമ പ്രവര്‍ത്തകക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍  ചെയ്ത് നടപടി ലജ്ജാകരമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത് ബി.ജെ.പി സര്‍ക്കാരിന് സത്യങ്ങള്‍ മൂടിവെക്കാനാകുമോയെന്ന് പ്രിയങ്ക ചോദിച്ചു.


യു.പിയില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ കോവഡിനെ തുടര്‍ന്ന് പട്ടിണിമൂലം കുടുംബങ്ങള്‍ ദുരിതത്തിലായെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് സ്‌ക്രോള്‍ വെബ് പോര്‍ട്ടല്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ സുപ്രിയ ശര്‍മക്കെതിരെയാണ് പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാരണാസിയിലെ റാം പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഐ.പി.സി സെക് ഷന്‍ 501, 269 പ്രകാരമാണ് കേസ്്.
വാരാണാസിയിലെ ഡൊമാരി ജില്ലയില്‍ നിന്നുള്ള മാലാ ദേവിയാണ്  പരാതിക്കാരി. ലോക് ഡൗണ്‍ കാരണമുള്ള ആഘാതത്തെ ആസ്പദമാക്കിയുള്ള വാര്‍ത്തയില്‍  മാലാ ദേവിയെ ഉദ്ധരിച്ച് അവരുടെ ജോലിയും അനുഭവങ്ങളും പറഞ്ഞിരുന്നു. ഡൊമാരി ജില്ല പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരം ഏറ്റെടുത്തതാണ്.  ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നതായും റേഷന്‍ കാര്‍ഡ് ഇല്ലെന്നും മാലാ ദേവി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തന്റെ  പ്രതികരണവും വ്യക്തിത്വവും മോശം രീതിയില്‍ വാര്‍ത്തയില്‍ സൂചിപ്പിച്ചതായി മാലാദേവി പരാതിയില്‍ പറയുന്നു.   വാര്‍ത്തയില്‍ പറയുന്നതു പോലെ താന്‍ വീട്ടുജോലിക്കാരിയല്ലെന്നും വാരണാസി മുന്‍സിപാലിറ്റിയില്‍ ശുചീകരണ ജോലി ചെയ്തിരുന്നുവെന്നും മാലാദേവി പറയുന്നു.

തനിക്കോ കുടുംബത്തിനോ ഒരു പ്രശ്‌നവും നേരിടേണ്ടിവന്നിട്ടില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. താനും കുട്ടികളും പട്ടിണിയിലാണെന്ന് പറഞ്ഞതിലൂടെ സുപ്രിയ തന്റെ ദാരിദ്രത്തെയും ജാതിയെയും അപമാനിച്ചതായും മാലാ ദേവി പരാതിയില്‍ പറയുന്നു.

 ലോക് ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി പട്ടിണിയിലായിരുന്നെന്ന വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായും റിപ്പോര്‍ട്ടര്‍ക്ക് എതിരായ കേസ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്നും കടന്നുകയറ്റമാണെന്നും സ്‌ക്രോള്‍ അധികൃതര്‍ വ്യക്തമാക്കി.

 

Latest News