പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ്: കാരണങ്ങള്‍ ബോധിപ്പിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി- പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

കോവിഡ് രോഗബാധിതര്‍ക്കായി പ്രത്യേകം വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നാട്ടിലെത്തിയ ശേഷം ഇവര്‍ക്ക് ചികിത്സ നല്‍കുന്ന കാര്യങ്ങള്‍ക്ക് ഇത് സഹായകമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വിദേശത്തുനിന്നു വന്നവരില്‍ 1.12 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധയുള്ളവരെ സംസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.


ഇവര്‍ക്കിടയില്‍ രോഗവ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ മാത്രമാണ് നിര്‍ദേശിച്ചത്. പിസിആര്‍ ടെസ്റ്റ്  നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
പ്രവാസികള്‍ ട്രൂ നാറ്റ്, ആന്റിബോഡി ടെസ്റ്റുകള്‍ നടത്തിയാല്‍ മതിയാവും ഇവയ്ക്ക് യഥാക്രമം 1500, 600 രൂപയാണ് ചെലവ്.

ട്രൂനാറ്റ് ടെസ്റ്റിന്റെ ഫലം രണ്ടുമണിക്കൂറിനുള്ളിലും ആന്റീബോഡി ടെസ്റ്റിന്റെ  ഫലം ഇരുപത് മിനുട്ടിനുള്ളിലും ലഭിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

 

Latest News