ന്യൂദല്‍ഹി- മലേറിയ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിനുള്ള കയറ്റുമതി വിലക്ക് ഇന്ത്യ പിൻവലിച്ചു. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ മരുന്നിന് ആവശ്യമുയർന്നപ്പോഴാണ് മാർച്ച് 25ന് കയറ്റുമതി വിലക്കിയിരുന്നത്.
മരുന്ന് കയറ്റുമതിക്കുള്ള വിലക്ക് പിൻവലിച്ചുകൊണ്ട് ഡയറക്ടറേറ്റ് ജനറൽ അമിത് യാദവാണ് ഉത്തരവിറക്കിയത്. കോവിഡ് ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിർത്തിവെച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് കരുതുന്നു.
കോവിഡിന് എതിരെയുള്ള മരുന്ന് പരിശോധനയിൽ ഏറ്റവും മികച്ച മരുന്നുകൾ ഏതെന്ന് കണ്ടെത്താനാണ് ലോകാരോഗ്യ സംഘടന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫലപ്രദമല്ലാത്ത മരുന്നുകൾ ഒഴിവാക്കുകയും ഉപയോഗപ്രദമായ മരുന്നുകൾ ചേർക്കുകയും ചെയ്യുന്നു.
കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ നിർദേശം നല്‍കിയതെന്ന ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗത്തെ പിന്തുണച്ചിരുന്നു.