മുംബൈ- ചൈനീസ് ആപ്പുകള്‍ക്ക് വിലങ്ങ് വീഴാന്‍ സാധ്യതയേറിയതോടെ സ്വദേശി ആപ്പുകള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനികളുടെ ശ്രമം. ടിക് ടോക്കിനെ പോലെ ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ സ്ട്രീമിങ് സേവനമായ സീ5 രംഗത്തെത്തി. നിലവില്‍ ബീറ്റാ പതിപ്പിലുള്ള സേവനം ജൂലൈ മുതല്‍ ലഭ്യമാവും.
ഇന്ത്യക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച ആപ്ലിക്കേഷനിലൂടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹ്രസ്വ വീഡിയോ ആപ്പ് വിപണിയില്‍ സ്ഥാപനമുറപ്പിക്കാനാണ് സീ5 ന്റെ നീക്കം. ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. ചെറുവീഡിയോ ആപ്പുകള്‍ക്കുള്ള ഈ ജനപ്രീതിയാണ് സീ 5 ന് പ്രചോദനമായത്.
ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്ന ചൈനാ വിരുദ്ധ വികാരം ടിക് ടോക്കിന് തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് സീ5 കരുതുന്നത്.