ജിദ്ദ- ഗൾഫ് പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാരിനെതിരെ ജിദ്ദ ഒഐസിസി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. മാത്യു കുഴൽനാടനാണ് കോടതിയിൽ ഹാജരാകുന്നത്. ഒഐസിസി ജിദ്ദ കമ്മിറ്റി പ്രവർത്തക സമിതി അംഗം സിദ്ദിഖ് മുവാറ്റുപുഴയാണ് കമ്മിറ്റിക്കു വേണ്ടി ഹരജിക്കാരൻ. പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടിനെ എല്ലാ അർഥത്തിലും നേരിടും. പ്രവാസികളെ അവരുടെ സ്വന്തം നാട്ടിലേയ്ക്ക് വരാതിരിക്കുവാനുള്ള പിണറായി സർക്കാരിന്റെ മനുഷ്യത്വ രഹിതമായ നടപടികളെ ശക്തമായി എതിർക്കുമെന്ന് ഒ ഐ സി സി ജിദ്ദ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ വാർത്താകുറിപ്പിൽ പറഞ്ഞു. ഇപ്പോൾ സൗദി, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായി അവിടത്തെ ആരോഗ്യ മന്ത്രാലയങ്ങൾ അംഗീകരിക്കാത്ത ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്നത് ഒരു സംസ്ഥാന മുഖമന്ത്രിയ്ക്കു നിഷ്കർഷിക്കുവാൻ പറ്റുന്ന കാര്യമാണോ എന്ന് മുനീർ ചോദിച്ചു.






