Sorry, you need to enable JavaScript to visit this website.

ടീം വെൽഫെയർ നിർമിച്ച പ്രളയ ദുരിതാശ്വാസ ജങ്കാറുകൾ ഉദ്ഘാടനം ചെയ്തു

ടീം വെൽഫെയർ നിർമിച്ച ജങ്കാർ ബോട്ടുകളുടെ ഉദ്ഘാടനം ആലുവ ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ കെ.ബി. അശോകൻ നിർവഹിക്കുന്നു. 
ബോട്ടുകൾ പുഴയിൽ

ആലുവ - പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ടീം വെൽഫെയർ സ്വന്തമായി ഡിസൈൻ ചെയ്ത് നിർമിച്ച മൂന്ന് ജങ്കാർ ബോട്ടുകളുടെ സമർപ്പണവും വളണ്ടിയർമാർക്കുള്ള പരിശീലനവും ആലുവയിൽ നടന്നു. തോട്ടുംമുഖം ജെട്ടിയിൽ നടന്ന പരിപാടിയിൽ ആലുവ ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ കെ.ബി. അശോകൻ ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ നൗഷാദ് ശ്രീമൂലനഗരത്തിന് തുഴ കൈമാറി ജങ്കാറുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ജങ്കാർ പരിശോധിച്ച അദ്ദേഹം പൂർണ തൃപ്തി രേഖപ്പെടുത്തുകയും മറ്റ് രക്ഷാ സംവിധാനങ്ങളുടെ അപാകതകൾ പരിഹരിച്ചതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇത് നിർമിക്കാനുള്ള സാങ്കേതിക സഹായം മറ്റുള്ളവർക്ക് കൈമാറാൻ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


കാലിയായ ഡ്രമ്മുകൾക്ക് മുകളിൽ സ്റ്റീൽ റാഡുകളുടെ ഫ്രെയിമിൽ പ്ലാറ്റ്‌ഫോം ഘടിപ്പിച്ച് നിർമിക്കുന്ന ജങ്കാറിൽ ശക്തിയേറിയ യമഹ എൻജിനും ഘടിപ്പിച്ചിട്ടുണ്ട്. പെരിയാറിൽനിന്ന് കരകവിഞ്ഞ് വെള്ളം കയറുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനാണ് ഇത് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും ഒഴുക്കുള്ള സ്ഥലങ്ങളിലും ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സമദ് നെടുമ്പാശ്ശേരി പറഞ്ഞു. പലവിധ പരീക്ഷണങ്ങൾ നടത്തി പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവ നീറ്റിലിറക്കിയതെന്നും ആവശ്യക്കാർക്ക് ഇതിന്റെ സാങ്കേതിക സഹായങ്ങൾ നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ രണ്ട് വർഷങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ച സംഘടനയെന്ന നിലയിൽ രക്ഷാപ്രവർത്തനങ്ങളിൽനിന്നുള്ള പാഠം ഉൾക്കൊണ്ട് അപകട രഹിതമായി രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന സംവിധാനം വേണമെന്ന ലക്ഷ്യത്തിൽനിന്നാണ് ഇത്തരമൊരു ഓപൺ പ്ലാറ്റ്‌ഫോമുള്ള ജങ്കാർ സംവിധാനം രൂപപ്പെടുത്തിയത്. ഓപൺ പ്ലാറ്റ്‌ഫോം ആയതിനാൽ ശക്തമായ ഒഴുക്കിലും മറിഞ്ഞ് അപകടമുണ്ടാകാതെ മുന്നോട്ടുപോകാൻ കഴിയും.
പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് പുറത്തുനിന്ന് ബോട്ടുകൾ ഉൾപ്പെടെ ഇടുങ്ങിയ വഴികളിലൂടെ കൊണ്ടുവരുന്നതിനുള്ള തടസ്സം ഉണ്ടാകാറുണ്ട്. എന്നാൽ ഈ ജങ്കാറിന് ചക്രങ്ങൾ ഘടിപ്പിച്ചതിനാൽ ചെറിയ വഴികളിലൂടെയും ഉരുട്ടിക്കൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
കിടപ്പു രോഗികളെയുൾപ്പെടെയുള്ളവരെ വള്ളങ്ങളിൽ രക്ഷപ്പെടുത്താൻ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ടെന്നും അങ്ങനെയുള്ളവരെ കിടത്തി തന്നെ ഇതിൽ കൊണ്ടുപോകാനും നാൽക്കാലികളേയും മറ്റും രക്ഷപ്പെടുത്തിക്കൊണ്ടുപോകാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 


നൂറിലേറെ ടീം വെൽഫെയർ വളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്. 
ജങ്കാർ നിർമാണത്തിന് നേതൃത്വം നൽകിയ സമദ് നെടുമ്പാശ്ശേരി, അബു ശ്രീമൂലനഗരം, ഗഫൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. 
വെൽഫെയർ പാർട്ടി ജനസേവന വിഭാഗം കൺവീനർ കെ.എച്ച്. സദഖത്ത്, മണ്ഡലം പ്രസിഡന്റ് ഷബീർ എം. ബഷീർ, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ നൗഷാദ് ശ്രീമൂലനഗരം തുടങ്ങിയവർ പങ്കെടുത്തു. ടീം വെൽഫെയർ ജങ്കാർ ബോട്ടുകൾ സമർപ്പിച്ചു 
 



 

Latest News