Sorry, you need to enable JavaScript to visit this website.

റോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് തകർന്ന് നിരവധി മരണം

ബോട്ട് തകർന്ന് ബംഗ്ലാദേശിലെ കോക്‌സ്ബസാർ തീരത്തടിഞ്ഞ റോഹിംഗ്യൻ മുസ്‌ലിംകളുടെ മൃതദേഹങ്ങൾ.

കോക്‌സ്ബസാർ- മ്യാന്മറിൽനിന്ന് അഭയം തേടി ബംഗ്ലാദേശിലേക്ക് തിരിച്ച റോഹിംഗ്യൻ മുസ്‌ലിംകളുടെ ബോട്ട് തകർന്ന് നിരവധി മരണം. പത്ത് കുട്ടികളുടെയും നാല് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കരയ്ക്കടിഞ്ഞതെന്നും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നും ബംഗ്ലാദേശ് പോലീസിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. 
മ്യാന്മറിലെ ഒരു തീരദേശ ഗ്രാമത്തിൽനിന്ന് ബുധനാഴ്ച രാത്രി ബോട്ടിൽ പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. ബംഗ്ലാദേശ് തീരത്ത് അടുക്കാറായ ബോട്ട് കടലിൽ കിടന്ന ഏതോ വസ്തുവിൽ ഇടിച്ച് മറിയുകയായിരുന്നു. അധികം താമസിയാതെ രണ്ടായി പിളർന്ന ബോട്ടും നിരവധി മൃതദേഹങ്ങളും തിരകളിൽപെട്ട് കരയ്ക്കടിഞ്ഞു. 
തങ്ങളുടെ കൺമുന്നിലാണ് അപകടത്തിൽപെട്ടവർ മരിച്ചതെന്ന് കോക്‌സ്ബസാർ ബീച്ചിലെ ഒരു കടയുടമ പറഞ്ഞു. ബോട്ട് തകർന്ന് ഏതാനും മിനിറ്റുകൾക്കകം തിരകൾ മൃതദേഹങ്ങളെ കരയ്‌ക്കെത്തിക്കുകയായിരുന്നുവെന്നും സോഹൽ പറഞ്ഞു. നീന്താനറിയാവുന്നവർക്ക് നീന്തി കരയ്‌ക്കെത്താനായി. എന്നാൽ രക്ഷപ്പെട്ട മിക്കവർക്കും ഭാര്യയും മക്കളുമടക്കം ഉറ്റവരെ നഷ്ടമായി. ബോട്ട് കരയോടടുത്ത സമയത്താണ് എന്തോ വസ്തുവിൽ ഇടിച്ചതെന്ന് അപകടത്തിൽ രക്ഷപ്പെട്ട നൂറു സലാം പറഞ്ഞു.


അതിനിടെ, ഓഗസ്റ്റ് 25നുശേഷമുണ്ടായ അഭയാർഥി പ്രവാഹത്തിൽ ബംഗ്ലാദേശിലെത്തിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞതായി യു.എൻ വെളിപ്പെടുത്തി. 5,01,800 ആണ് ഇന്നലെവരെയുള്ള കണക്ക്. 
മ്യാന്മർ പട്ടാളത്തിന്റെയും ബുദ്ധമത ഭീകരന്മാരുടെയും ആക്രമണത്തെ തുടർന്ന് അടുത്ത കാലത്ത് റാഖൈൻ സംസ്ഥാനത്തുനിന്ന് റോഹിംഗ്യകളുടെ കൂട്ടപലായനമാണ്. പോലീസ് പോസ്റ്റുകൾക്കുനേരെ റോഹിംഗ്യകൾ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണ് സൈനിക നടപടിയെന്ന് മ്യാന്മർ സർക്കാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം നിഷ്പക്ഷമായി സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദത്തെത്തുടർന്ന് യു.എൻ സംഘത്തിന് റാഖൈനിൽ സന്ദർശിക്കാൻ മ്യാന്മർ ഭരണകൂടം നിർബന്ധിതരായെങ്കിലും ഇന്നലെയും സന്ദർശനമുണ്ടായില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സന്ദർശനം നീട്ടിവെച്ചതായി യു.എൻ അറിയിച്ചു.


മ്യാന്മറിൽനിന്ന് ജനങ്ങൾ കൂട്ടത്തോടെ ജീവനുംകൊണ്ട് ബംഗ്ലാദേശിലേക്ക് ഓടിരക്ഷപ്പെടുമ്പോഴും അഭയാർഥി പ്രവാഹമെന്നത് കേവലം പ്രചാരണം മാത്രമാണെന്ന നിലപാടാണ് സർക്കാരിനും സിവിലിയൻ ഭരണാധികാരിയായ ഓങ് സാൻ സൂചിക്കും. എന്നാൽ ഇന്നലെയും പതിനായിരങ്ങളാണ് ബംഗ്ലാദേശിലേക്ക് കടക്കാനായി ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന നദീതീരത്തെത്തിയത്.

 

Latest News