Sorry, you need to enable JavaScript to visit this website.

പിടിവാശിയല്ല; പ്രായോഗികതയാണ് വേണ്ടത്

സമൂഹ സുരക്ഷ ഏതൊരു സർക്കാറിന്റെയും ബാധ്യതയാണ്. അതിൽ കേരള സർക്കാറിനെയെന്നല്ല, ഒരു സർക്കാറിനെയും കുറ്റപ്പെടുത്താനാവില്ല. എന്നാൽ സമൂഹ സുരക്ഷ ഉറപ്പാക്കുമ്പോൾ നിലവിൽ സംസ്ഥാന പരിധിയിൽ ഉള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തരുത്. 
സംസ്ഥാനത്തുനിന്നു പുറത്തു പോയി മടങ്ങിവരാൻ കാത്തിരിക്കുന്നവർക്കും സുരക്ഷാ വലയം ഒരുക്കലും സർക്കാറിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിനു പുറത്തു കഴിയുന്നവർ കോവിഡ് പശ്ചാത്തലത്തിൽ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ എങ്ങനെയെങ്കിലും നാട്ടിലെത്താൻ സഹായിക്കണമെന്ന് അഭ്യർഥിക്കുമ്പോൾ അവർക്കു നേരേ സമൂഹ സുരക്ഷയുടെ പേരിൽ പ്രായോഗികമല്ലാത്ത നിബന്ധനകൾ അടിച്ചേൽപിച്ചാൽ അതിനെ എങ്ങനെയാണ് സമൂഹ സുരക്ഷയെന്നു പറയാനാവുക? കേരളത്തിലേക്കു വരുന്ന പ്രവാസികൾ 48 മണിക്കൂറിനകം നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്നു പറയുന്നത് സുരക്ഷാ മാനദണ്ഡം പരിഗണിക്കുമ്പോൾ അംഗീകരിക്കാമെങ്കിലും അതിനു മാർഗങ്ങളില്ലാത്തപ്പോൾ പകരം പരിഹാരമായുള്ള സംവിധാനം കണ്ടെത്താനുള്ള ഉത്തരവാദിത്തവും സർക്കാറിനുണ്ട്. അതു നിർവഹിക്കാതെ വളരെ വിരളമായിട്ടാണെങ്കിലും വന്ദേഭാരത് സർവീസ് വഴി ലഭിച്ചിരുന്ന സൗകര്യം കൂടി ഇല്ലാതാക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. 
ഇവിടെനിന്നു വരുന്നവരാരും തന്നെ കോവിഡ്  രോഗിയാവണമെന്നോ, രോഗം മറ്റുള്ളവർക്കു പകരണമെന്നോ ആഗ്രഹിക്കുന്നവരല്ല. വിവിധ രാജ്യങ്ങളിൽനിന്ന് ഇതുവരെ കേരളത്തിലെത്തിയ പ്രവാസികളുടെ കണക്കു പരിശോധിച്ചാൽ അവരെല്ലാം രോഗവാഹകരായിരുന്നുവെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. 


അപൂർവം പേരിൽ മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടിട്ടുള്ളതും രോഗികളായിട്ടുള്ളതും. പ്രവാസികൾക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടിലെത്തുന്നവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ  ഒരുക്കമാണെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ പലവിധ പ്രയാസങ്ങൾ സഹിച്ചും പ്രവാസികൾ നാട്ടിലെത്താൻ തുടങ്ങിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയും തടസ്സങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് ഉചിതമാണോ എന്നു ചിന്തിക്കണം. ഇപ്പോൾ മന്ത്രിസഭ തന്നെ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും നിലപാടിനെ പിന്തുണച്ച് തീരുമാനമെടുത്തിരിക്കേ പ്രവാസ ലോകം നിരാശയിലാണ്. എല്ലായ്‌പോഴും പോലെ തങ്ങൾ നിരാശ്രയരാണെന്ന പ്രതീതിയാണ് മന്ത്രിസഭാ തീരുമാനത്തോടെ പ്രവാസ ലോകത്ത് ഉണ്ടായിട്ടുള്ളത്. 
ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രവാസ ലോകത്തുനിന്ന് അതിശക്തമായ എതിർപ്പാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്ന തീരുമാനത്തിനെതിരെ ഉണ്ടായിട്ടുള്ളത്. ഇക്കാര്യം പൊതുവായ ചർച്ചയായി മാറുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ മന്ത്രിസഭ ഇക്കാര്യത്തിൽ ഒരു പനർവിചിന്തനത്തിനു തയാറാകുമെന്നായിരുന്നു പ്രവാസ ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായെന്നു മാത്രമല്ല, വിരളമായാണെങ്കിലും ലഭിച്ചിരുന്ന വന്ദേഭാരത് വിമാനത്തിൽ വരുന്നവർക്കു കൂടി ബാധകമാക്കുക കൂടി ചെയ്തതോടെ നാട്ടിലേക്കുള്ള മടക്കം എളുപ്പമല്ലെന്ന് വന്നിരിക്കുകയാണ്. 


വന്ദേഭാരത് മിഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് കേരളം നടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരോപിച്ചു കഴിഞ്ഞു. വന്ദേഭാരത് വിമാനത്തിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള പ്രവാസികൾക്ക് മാത്രം ടിക്കറ്റ് അനുവദിച്ചാൽ മതിയെന്ന സംസ്ഥാന സർക്കാർ തീരുമാനം പദ്ധതിയെ അട്ടിമറിക്കാനാണെന്നും ഇതു പുനഃപരിശോധിച്ചില്ലെങ്കിൽ കേരളത്തിലേക്കുള്ള വന്ദേഭാരത് സർവീസുകൾ നിർത്തിവക്കേണ്ടി വരുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇതിപ്പോൾ കേന്ദ്ര, സംസ്ഥാന തർക്കവും രാഷ്ട്രീയ തർക്കവുമായി മാറുമ്പോൾ ദുരിതം അനുഭവിക്കുന്നത് പ്രവാസികളാണ്. 


സൗദി അറേബ്യയിൽ മാത്രം ഒരു ലക്ഷത്തി പതിനായിരത്തിലേറെ പേരാണ് നയന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. ഇവരത്രയും നോർക്കയിലും രജിസ്റ്റർ ചെയ്തവരാണെന്നതിനാൽ സംസ്ഥാന സർക്കാറിനും ഈ കണക്ക് ലഭ്യമാണ്. മറ്റു വിദേശ രാജ്യങ്ങളിലെ കണക്കു വേറെ. ഇതര വിദേശ രാജ്യങ്ങളിൽനിന്ന് കുറച്ചുകൂടി വ്യത്യസ്തമാണ് സൗദി അറേബ്യയിലെ കാര്യം. ഭൂമിശാസ്ത്രപരമായും ഇവിടെ ജോലിക്കായി എത്തിയിട്ടുള്ള പതിനാലു ലക്ഷത്തിലേറെ വരുന്ന മലയാളികളുടെ കാര്യത്തിലും ഈ വ്യതിരിക്തത കാണാം. ഇവിടെയുള്ള പ്രവാസികളിൽ അധികപേരും വളരെ ചെറിയ ജോലി ചെയ്യുന്നവരാണ്. 


അതുകൊണ്ടു തന്നെ കോവിഡ് ടെസ്റ്റ് എന്ന കടമ്പ കടന്ന് നെഗറ്റീവ് സർറ്റിഫിക്കറ്റുമായി വരിക പ്രായോഗികമല്ല. നാലു മണിക്കൂർ കൊണ്ടു ഫലം ലഭിക്കാവുന്ന ട്രൂനാറ്റ് ടെസ്റ്റായാലും മതിയെന്നാണ് കേരളത്തിന്റെ നിർദേശം. എന്നാൽ സൗദി അറേബ്യയിൽ നിലവിൽ ഈ ടെസ്റ്റിനോ അതുമല്ലെങ്കിൽ എളുപ്പം ചെയ്യാവുന്ന റാപ്പിഡ് പോലുള്ള മറ്റു ടെസ്റ്റുകൾക്കോ സൗകര്യമില്ല. സർക്കാർ തലത്തിൽ നടത്തുന്ന പി.സി.ആർ ടെസ്റ്റുകൾക്ക് അനുമതി ലഭിക്കാൻ ബുക്ക് ചെയ്ത് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കാത്തിരിക്കണം. 
അതിന്റെ ഫലം ലഭിക്കാൻ പിന്നെയും കുറഞ്ഞത് നാലു ദിവസമെങ്കിലും വേണം. മാത്രമല്ല, ഇങ്ങനെ ടെസ്റ്റ് നടത്തുന്നവരിൽ പോസിറ്റീവ് ആയവരുണ്ടെങ്കിൽ അവരെ മാത്രം വിവരം അറിയിച്ച് നിർദേശങ്ങൾ നൽകുന്ന സംവിധാനമാണുള്ളത്. അതല്ലാതെ ടെസ്റ്റ് നടത്തി പോസിറ്റീവ് അല്ലാത്തവർക്ക് നെഗറ്റീവ് എന്ന പേരിൽ സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനം ഇല്ല. ഇനി ലഭിക്കണമെങ്കിൽ തന്നെ അതിന്റെ നടപടിക്രമങ്ങൾക്ക് പിന്നെയും സമയം പിടിക്കും. 


സ്വകാര്യ മേഖലയിൽ ടെസ്റ്റ് നടത്തുന്നുണ്ട്. അതിന് കുറഞ്ഞത് 1500 റിയാലും ടാക്‌സും നൽകണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്രയും തുക ടെസ്റ്റിനായി വിനിയോഗിക്കാനുള്ള ശേഷിയില്ല. നാലു മാസത്തോളമായി ജോലിയില്ലാതെയും വരുമാനമില്ലാതെയും കഴിയുന്നവരാണ് നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നത്. സംഘടനകളുടെയും ഉദാരമതികളുടെയും സഹായത്താലാണ് അവരിൽ പലരും ടിക്കറ്റിനുള്ള തുക കണ്ടെത്തുന്നത്. 
വന്ദേഭാരത് മിഷനിൽ സൗദിയിലേക്ക് ഇതുവരെ ലഭിച്ച വിമാനങ്ങൾ വളരെ കുറവാണ്. ഒരു ലക്ഷത്തിപ്പതിനായിരത്തിലേറെ പേർ നാടണയാൻ കാത്തിരിക്കുമ്പോൾ നാലായിരത്തോളം പേർക്കു മാത്രമാണ് ഇതുവരെ  അവസരം ലഭിച്ചത്. മൂന്നാം ഘട്ട വന്ദേഭാരത് ഷെഡ്യൂളിൽ കേരളത്തിലേക്ക് ഒരു വിമാനം പോലും  ഇല്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അധിക തുക നൽകിയാണെങ്കിലും ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിക്കാൻ പ്രവാസികൾ നിർബന്ധിതരായിട്ടുള്ളത്. 


ഈ സഹാചര്യം വിലയിരുത്തി അതിനനുഗുണമായ തീരുമാനമാണ് ഒരു ജനകീയ സർക്കാറിന്റെ ഭാഗത്തുനിന്ന്  ഉണ്ടാവേണ്ടത്. അതിനു പകരം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചുക്കൊണ്ടിരുന്നാൽ ഇവിടെ മരിച്ചു വീഴുന്നവരുടെ എണ്ണം ഇനിയും വർധിക്കും. 48 മണിക്കൂറിനകം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ വെക്കണമെന്ന സർക്കാർ നിബന്ധനക്കു പകരം പൊതുജനാരോഗ്യക്ഷമതാ പരിശോധനയോ, വ്യക്തിഗത സുരക്ഷാ വലയം ഒരുക്കുന്ന പി.പി.ഇ കിറ്റ് ധരിക്കലോ നിർബന്ധമാക്കിയാൽ ഒരു പരിധിവരെ രോഗ വ്യാപനം തടയാൻ കഴിയുമെന്നു മാത്രമല്ല, അതു കുറേക്കൂടി പ്രായോഗികവുമാണ്. ആ രീതിയിലുള്ള ചിന്ത സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നു തന്നെ പ്രതീക്ഷിക്കാം. 

Latest News