Sorry, you need to enable JavaScript to visit this website.

കോവിഡ്കാല കൊള്ള 

പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുക എന്ന് കേട്ടിട്ടില്ലേ? അതാണ് പെട്രോൾ, ഡീസൽ വില ദിവസവും 50 പൈസയിൽ കൂടുതൽ വർധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്യുന്നത്. കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ ഇന്ത്യയിലെ സാധാരണക്കാരന്റെ മുതുകത്ത് ദിവസവുമുള്ള കനത്ത പ്രഹരം. 
കഴിഞ്ഞ 11 ദിവസമായി മുടക്കം കൂടാതെ പെട്രോൾ ഡീസൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. (വിവിധ നികുതികളും സെസുകളും വർധിപ്പിച്ചുകൊണ്ട് സർക്കാർ തന്നെയാണ് വില കൂട്ടുന്നത്, അല്ലാതെ എണ്ണ കമ്പനികളല്ല. ഈ വർഷം മാർച്ച് 16 നു ശേഷം എണ്ണ കമ്പനികൾ വില കൂട്ടിയിട്ടില്ല). 11 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 6.03 രൂപയും ഡീസൽ 6.08 രൂപയും വർധിച്ചു. ഇന്നലെ (ബുധൻ) മാത്രം കൂടിയത് പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയും. കേരളത്തിൽ ഇന്നലെ പെട്രോളിന് 78.85 രൂപയും ഡീസലിന് 73.08 രൂപയുമായിരുന്നു വില. ഇതിനിയും തുടരുമെന്നാണ് സൂചന. ഇനിയൊരു മൂന്ന് രൂപ കൂടി വരുന്ന ദിവസങ്ങളിൽ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.


കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനയാണിതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില റെക്കോർഡ് ഇടിവ് നേരിടുമ്പോഴാണ് ഇതെന്ന് ഓർക്കണം. ബാരലിന് 40 ഡോളറിലും താഴെയാണ് ഇപ്പോൾ ക്രൂഡ് വില. 
ഏതാനും മാസങ്ങളായി ഇതു തന്നെയാണ് അവസ്ഥ. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയുടെ ചാഞ്ചാട്ടത്തിന് അനുസൃതമായി പെട്രോൾ, ഡീസൽ എന്നിവയുടെ ആഭ്യന്തര വില ക്രമീകരിക്കുന്നതിനാണ് കഴിഞ്ഞ യു.പി.എ സർക്കാർ വില നിർണയാവകാശം പൊതുമേഖലാ എണ്ണ കമ്പനികൾക്ക് വിട്ടുകൊടുത്തത്. ക്രൂഡ് വില ബാരിന് 140 ഡോളറിൽ എത്തിനിൽക്കുകയും വില നിയന്ത്രിക്കാൻ കമ്പനികൾക്ക് സർക്കാർ നൽകുന്ന സബ്‌സിഡി രണ്ടര ലക്ഷം കോടി രൂപ കവിയുകയും ചെയ്ത സാഹചര്യത്തിലാണ് വലിയൊരു സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ അത്തരമൊരു തീരുമാനമെടുത്തത്. 
പിന്നീട് വന്ന എൻ.ഡി.എ സർക്കാർ ഡീസൽ വില നിർണയവും കമ്പനികൾക്ക് വിട്ടുകൊടുത്തു. ലോകത്ത് മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്ന സംവിധാനം ഇതായതിനാൽ കമ്പനികൾക്ക് വില നിർണയം വിട്ടുകൊടുക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല. കൂടുതൽ പ്രായോഗികം അതാണുതാനും. ഇതനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ കൂടുമ്പോൾ ഇന്ത്യയിലും കൂടണം, കുറയുമ്പോൾ കുറയണം.


എന്നാൽ ഇന്ത്യയിൽ നടക്കുന്നത് വിചിത്രമായ നടപടിയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണക്ക് വില കുറയുമ്പോൾ പല തരത്തിലുള്ള നികുതികൾ ഏർപ്പെടുത്തി ആഭ്യന്തര വിപണിയിൽ വില കൂട്ടുന്നു. ലോക്ഡൗൺ കാലത്ത് പെട്രോളിനും ഡീസലിനും ചെലവ് കുറവായിരുന്നതിനാൽ ഇളവുകൾ നടപ്പിൽ വന്നതോടെയാണ് സർക്കാർ ദിവസവും വില കൂട്ടിത്തുടങ്ങിയത്. 
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചതിലൂടെ 2.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാറിന് ലഭിച്ചതെന്നാണ് കണക്ക്. ദോഷം പറയരുതല്ലോ, കേന്ദ്രത്തിന് മാത്രമല്ല, ഇതിന്റെ നേട്ടം. സംസ്ഥാന സർക്കാറുകൾക്കുമുണ്ട്. എങ്കിലും സിംഹഭാഗവും പോകുന്നത് കേന്ദ്ര ഖജനാവിലേക്കു തന്നെ. അടിക്കടി എക്‌സൈസ് തീരുവയും പല തരം സെസുകളും വർധിപ്പിച്ചുകൊണ്ടാണ് സർക്കാർ ജനങ്ങളെ പിഴിയുന്നത്. ഇപ്പോഴത്തെ നിലയിൽ ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 50 രൂപയിലേറെയും വിവിധ നികുതികളായി സർക്കാറുകൾക്ക് പോകുന്നു. ഉൽപന്ന വിലയും ഡീലർമാരുടെ കമ്മീഷനും അനുബന്ധ ചെലവകളുമെല്ലാം കൂടി 30 രൂപയിൽ താഴെ മാത്രം.
വർധിപ്പിക്കുന്ന അധിക നികുതികൾ രാഷ്ട്രത്തിന്റെ വികസനത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നതെന്നാണ് സർക്കാറിന്റെയും ഭരണ കക്ഷിക്കാരുടെയും നേതാക്കളുടെയും വാദം. ഇതൊരു പുതിയ കാര്യമല്ല. നികുതി വരുമാനത്തിൽനിന്നു തന്നെയാണ് എല്ലാ സർക്കാറുകളും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതും നടത്തുന്നതും. 


പക്ഷേ ഇപ്പോൾ ഇങ്ങനെ ന്യായീകരിക്കുന്ന ഇതേ ആൾക്കാർ തന്നെയാണ് മുമ്പ് ക്രൂഡ് വില 140 ഡോളറിനും മുകളിലെത്തിയപ്പോൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനെതിരെ സ്‌കൂട്ടർ ഉരുട്ടിയും കാളവണ്ടിയിൽ കയറിയും പ്രതിഷേധ നാടകം കളിച്ചത്. അന്നത്തെ സർക്കാർ വികസന പ്രവർത്തനങ്ങളൊന്നും നടത്തേണ്ടിയിരുന്നില്ലേ എന്നൊന്നും ചോദിക്കരുത്. 
അന്താരാഷ്ട്ര വിപണിയിൽ വിലയിടിവ് നേരിടുന്ന എണ്ണക്ക് അമിത നികുതി ചുമത്തി ഇന്ത്യയിൽ വിൽക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ. സ്വന്തം പിടിപ്പുകേടും തെറ്റായ നടപടികളും കൊണ്ട് സാമ്പത്തിക രംഗം കുളം തോണ്ടിയ സർക്കാറിന് വരുമാനമുണ്ടാക്കാൻ ഇതല്ലാതെ മറ്റൊരു മാർഗമില്ല. രാജ്യം നേരിടുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണം അന്വേഷിച്ചുപോയാൽ നോട്ടു നിരോധമെന്ന മരമണ്ടൻ തീരുമാനത്തിൽ ചെന്നുനിൽക്കും. അതുവരെ ഒരുവിധം കുഴപ്പമില്ലാതെ മുന്നോട്ടു പോവുകയായിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അമ്പേ പാളം തെറ്റിയത് പ്രധാനമന്ത്രി 2016 നവംബർ 16 ന് രാത്രി നടത്തിയ പ്രഖ്യാപനത്തിനു ശേഷമാണ്. പിന്നീടൊരിക്കലും ഇന്ത്യൻ സാമ്പത്തിക രംഗം കരകയറിയിട്ടില്ല. 


വളർച്ചാ നിരക്ക് അതിനു മുമ്പിലുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരികെ വന്നിട്ടുമില്ല. പണത്തിന്റെ ക്രയവിക്രയം നിയന്ത്രിക്കപ്പെട്ടപ്പോൾ സമസ്ത മേഖലയും താറുമാറായി. നോട്ട് നിരോധത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്ന കള്ളപ്പണമാവട്ടെ കണ്ടെത്താനുമായില്ല. 
കൂനിന്മേൽ കുരു പോലെയായി അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി. ജനങ്ങൾക്ക് വലിയ ഭാരം തോന്നാതെ സർക്കാറിന് വരുമാനം കൂടുമെന്നായിരുന്നു ഇന്ത്യയെമ്പാടും ഒരേ നികുതി എന്ന് പറഞ്ഞ് നടപ്പാക്കിയ ജി.എസ്.ടി. എന്നിട്ടോ, ജനത്തിന് ഭാരം കൂടി, സർക്കാറിന് പ്രതീക്ഷിച്ച വരുമാന വർധന ഇനിയുമുണ്ടായിട്ടില്ല. പല ഉൽപന്നങ്ങൾക്കും പല സംസ്ഥാനങ്ങളിലും പല വില തന്നെ. പെട്രോളും ഡീസലുമൊക്കെ കൊള്ളയടിക്കാൻ പാകത്തിൽ ജി.എസ്.ടി പരിധിക്ക് പുറത്തു തന്നെയാണ് ഇപ്പോഴും. 


അങ്ങനെ തീരെ സാമ്പത്തിക രംഗം തളർന്നിരിക്കുമ്പോഴാണ് കോവിഡ് മഹാമാരിയുടെ കടന്നുവരവ്. അതുകൊണ്ട് മോഡി സർക്കാറിന് ഒരു ഗുണമുണ്ടായത് എന്തെന്നു വെച്ചാൽ എല്ലാ സാമ്പത്തിക പ്രതിസന്ധിക്കും കാരണം കോവിഡിനു മേൽ കെട്ടിവെക്കാനായി എന്നതാണ്. 
വാസ്തവത്തിൽ അതിനു മുമ്പു തന്നെ രാജ്യത്ത് വളർച്ചാ നിരക്ക് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. തൊഴിലില്ലായ്മ നിരക്ക് കുത്തനെ മുകളിലേക്കും. ഇക്കഴിഞ്ഞ ദിവസമാണ് 9894 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിക്കൊണ്ട് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ ത്രൈമാസ റിപ്പോർട്ട് പുറത്തു വന്നത്. ലോക്ഡൗൺ നടപ്പിലാവുന്നതിനു മുമ്പ്, കൃത്യമായി പറഞ്ഞാൽ ഈ വർഷം ജനുവരി - മാർച്ച് കാലയളവിലെ റിപ്പോർട്ടാണിത്. രാജ്യത്തെ വാഹന വിപണി നേരിടുന്ന ഗുരുരത പ്രതിസന്ധി ഇതിൽനിന്ന് വായിച്ചെടുക്കാം. മറ്റെല്ലാ പ്രമുഖ വ്യവസായ സെക്ടറുകളിലും ഇതു തന്നെയാണ് സ്ഥിതി. 
കോവിഡിനെ നേരിടുന്ന കാര്യത്തിലും സർക്കാറിന് പിഴച്ചു. രാജ്യത്തെ സാഹചര്യം ശരിക്ക് മനസ്സിലാക്കാതെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ദിവസക്കൂലിക്കാരും ചെറുകിട ഇടത്തരം വ്യാപാരികളുമായ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ജീവിതം വഴിമുട്ടി. 


സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ലക്ഷം കോടികളുടെ പാക്കേജുകളൊക്കെ പ്രഖ്യാപിച്ചെങ്കിലും ജോലിയും കൂലിയുമില്ലാതായ പാവപ്പെട്ടവന്റെ കൈയിൽ നേരിട്ട് പണം എത്തുന്നതിനുള്ളതൊന്നും ഉണ്ടായില്ല. പാക്കേജ് പ്രഖ്യാപന മഹാമഹം അവസാനിച്ചതാകട്ടെ, രാജ്യത്തെ വൻകിട പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ്. ചുരുക്കത്തിൽ ഈ പഞ്ഞകാലത്ത് ജനങ്ങളെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, പറ്റുന്ന തരത്തിൽ അവനെ കൊള്ളയടിക്കുകയാണ് സർക്കാർ. അതാണ് എണ്ണ വില വർധനയായി ജനങ്ങളുടെ തലയിൽ വീഴുന്നത്. 
മോഡി സർക്കാർ സാമ്പത്തിക രംഗം തകർത്തിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം അവർക്ക് വീണ്ടും വോട്ട് ചെയ്യുമായിരുന്നോ എന്ന് ചോദിക്കുന്നുവരുണ്ട്. ബാലാകോട്ടും സർജിക്കൽ സ്‌ട്രൈക്കുമൊക്കെയായി സൃഷ്ടിക്കപ്പെട്ട ദേശീയ വികാരവും വർഗീയതയും തെരഞ്ഞെടുപ്പിൽ നന്നായി മുതലെടുക്കാൻ ബി.ജെ.പിക്കായി. മറ്റു പ്രശ്‌നങ്ങളെല്ലാം ജനം മറന്നു. ചിലപ്പോൾ ജനം അങ്ങനെയാണ്. ഒന്നോ രണ്ടോ അടി കിട്ടിയാലൊന്നും പഠിക്കില്ല, തല ചതയുവോളം കിട്ടണം.

Latest News