റിയാദ് - റിലയൻസ് ഇൻഡസ്ട്രീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസിൽ സൗദി ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് 11,637 കോടി രൂപ (150 കോടി ഡോളർ) നിക്ഷേപിക്കുന്നു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 2.32 ശതമാനം ഓഹരികളാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്വന്തമാക്കുന്നത്. ഇടപാട് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ആവശ്യമാണ്. ദീർഘകാലാടിസ്ഥാനത്തിൽ ആകർഷകമായ സാമ്പത്തിക നേട്ടം ലഭിക്കുന്ന കമ്പനികളിലും മേഖലകളിലും നിക്ഷേപങ്ങൾ നടത്താനുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ശ്രമങ്ങളുമായി ഒത്തുപോകുന്നതാണ് ഇന്ത്യൻ കമ്പനിയിലെ നിക്ഷേപം.
ഇന്ത്യയിൽ സാങ്കേതിക പരിവർത്തന മേഖലയിലെ മുൻനിര കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപം നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ പറഞ്ഞു. ജിയോ പ്ലാറ്റ്‌ഫോംസിലൂടെ ഇന്ത്യയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ശോഭനമായ ഭാവി പ്രതീക്ഷയോടെയാണ് കാണുന്നത്. സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്ന നിലക്ക് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടം കൈവരിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്നും യാസിർ അൽറുമയ്യാൻ പറഞ്ഞു.
പെട്രോൾ സമ്പദ്‌വ്യവസ്ഥാ യുഗം മുതൽ സൗദി അറേബ്യയുമായി ഫലപ്രദമായ ദീർഘകാല ബന്ധം റിലയിൻസിനുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താൻ സൗദി അറേബ്യയുമായുള്ള ഈ ബന്ധം തുടരും. ജിയോ പ്ലാറ്റ്‌ഫോംസിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപം ഇതാണ് പ്രതിഫലിപ്പിക്കുന്നത്. സൗദി സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനത്തിന് നായകത്വം വഹിച്ച് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വഹിച്ച പങ്ക് അത്ഭുതകരമാണ്. ജിയോ പ്ലാറ്റ്‌ഫോംസിലെ അടിസ്ഥാന പങ്കാളിയെന്നോണം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനെ താൻ സ്വാഗതം ചെയ്യുകയാണ്. ഇന്ത്യയിൽ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് അഭിലഷണീയമായ നടപടികൾ കൈക്കൊള്ളാൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നിരന്തരമായ പിന്തുണയും മാർഗനിർദേശവും പ്രതീക്ഷിക്കുന്നതായും മുകേഷ് അംബാനി പറഞ്ഞു.