ഹൈഡ്രോക്ലോറോക്വിന്‍ കോവിഡിന് ഫലപ്രദമല്ല:ലോകാരോഗ്യ സംഘടന

ജനീവ- മലേരിയ മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന.മരണങ്ങള്‍ കുറയ്ക്കാനുള്ള ചികിത്സകളുടെ നിലവാരവുമായി താരത്യപ്പെടുത്തുമ്പോള്‍ ഈ മരുന്ന് ഒരു ഗുണവും ചെയ്യുന്നില്ലെന്ന് വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം പിന്‍വലിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ മെഡിക്കല്‍ ഓഫീസര്‍ അന്ന മരിയ ഹെനാവോ റെസ്ട്രപ്പോ ജനീവയില്‍ വെച്ച് പറഞ്ഞു.

കോവിഡ് പ്രതിസന്ധി ലോകമാകെ വ്യാപിച്ച ആദ്യആഴ്ചകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  കൊറോണ വൈറസിനുള്ള ചികിത്സയ്ക്കായി ഹൈഡ്രോക്ലോറോക്വിന്‍ ഉപയോഗിക്കുമെന്ന് അറിയിച്ചിരുന്നു. ഗെയിം ചെയ്ഞ്ചര്‍ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ ഈ മരുന്നിന് വേണ്ടത്ര ഗുണം ചെയ്യാനാകില്ലെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിക്കുകയും അനുമതി റദ്ദാക്കുകയും ചെയ്തു.കോവിഡിനെതിരെ ഏറ്റവും ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ നിരവധി മരുന്നുകളുടെ സോളിഡാരിറ്റി ട്രയല്‍ ലോകാരോഗ്യ സംഘടന നടത്തിവരുന്നുണ്ട്. ഇതില്‍ നിന്നും ഈ മരുന്നിനെ ഒഴിവാക്കിയിട്ടുണ്ട്.
 

Latest News