റിയാദ്- സൗദിയില്‍ കോവിഡ് മഹാമാരി നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിറ്റികളുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിാമന സര്‍വീസ് പുനരാരംഭിക്കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ) വക്താവ് ഇബ്രാഹിം അല്‍ റൗസ പറഞ്ഞു.
ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതിന് കഴിഞ്ഞ മാസം തീരുമാനമെടുത്ത മാതൃകയില്‍ തന്നെയായിരിക്കും അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തിലും തീരുമാനമെടുക്കുക. ഇക്കാര്യം പഠിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ നിലവിലുണ്ട്. ഉചിതമായ സമയത്ത് കമ്മിറ്റികള്‍ തീരുമാനം അറിയിക്കുമെന്നും അതോടെ മാത്രമേ പ്രഖ്യാപനമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കരുതല്‍ നടപടികളടക്കം നിര്‍ദേശിച്ചുകൊണ്ട് ഈ കമ്മിറ്റികള്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മേയ് 31 മുതല്‍ ആഭ്യന്തര സര്‍വീസ് ആരംഭിച്ചത്.
നിലവില്‍ രോഗികളും മറ്റുമടങ്ങുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് മടക്കിക്കൊണ്ടുപോകാനും വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദികളെ തിരിച്ചെത്തിക്കാനുമുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് തുടരുന്നത്.






