കാസർകോട്- പട്ടികജാതിവിഭാഗത്തിലെ യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയ ശേഷം ഉപേക്ഷിച്ചെന്ന പരാതിയിൽ ഭർത്താവിനും അഛനുമെതിരെ പോലീസ് കേസെടുത്തു. കുമ്പള നായ്ക്കാപ്പ് സ്വദേശിനിയുടെ പരാതിയിൽ കുമ്പള കോട്ടക്കാർ കുറ്റിയാളത്തെ ഗുരുരാജ്, അഛൻ നാരായണപാട്ടാളി എന്നിവർക്കെതിരെയാണ് കേസ്. നായ്ക്കാപ്പ് സ്വദേശിനിയും ഉയർന്നജാതിയിൽപെട്ട ഗുരുരാജും നാലുവർഷം മുമ്പ് പ്രണയത്തിലാകുകയും യുവതിയുടെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒളിച്ചോടുകയും ചെയ്തിരുന്നു. അന്ന് യുവതിക്ക് 17 വയസായിരുന്നു പ്രായം. രണ്ടുപേരെയും കാണാതായ സംഭവത്തിൽ ഇരുവരുടെയും വീട്ടുകാർ കുമ്പള പൊലീസിൽ പരാതി നൽകിയിരുന്നു. ബംഗളൂരു പോലീസ് ഗുരുരാജിനെയും നായ്ക്കാപ്പ് സ്വദേശിനിയെയും കസ്റ്റഡിയിലെടുക്കുകയും അവിടെയെത്തിയ നാരായണപാട്ടാളി തന്റെ മകൻ കാമുകിയെ വിവാഹം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ കുമ്പള പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ നാരായണപാട്ടാളി അഭിപ്രായം മാറ്റുകയും ഗുരുരാജ് പട്ടികജാതിവിഭാഗത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനോട് താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് പെൺകുട്ടിയെയും ഗുരുരാജിനെയും കാസർകോട് കോടതിയിൽ ഹാജരാക്കി. തന്നെ ഗുരുരാജ് തട്ടിക്കൊണ്ടുപോയതല്ലെന്നും തങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ വിവാഹപ്രായമാകുന്നതുവരെ പെൺകുട്ടി സ്വന്തം വീട്ടിൽ കഴിയാൻ കോടതി നിർദേശിച്ചു. 18 വയസ് പൂർത്തിയാകുമ്പോൾ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് ഗുരുരാജും കോടതിയെ അറിയിച്ചിരുന്നു. പിന്നീട് അതിനുവേണ്ട ശ്രമം നടത്തുന്നതിനിടെ ഗുരുരാജിന്റെ ബന്ധു മരിച്ചതിനാൽ വിവാഹം മുടങ്ങി.പെൺകുട്ടിക്ക് 19 വയസ് പൂർത്തിയായപ്പോൾ വിവാഹം നടന്നു. ഗുരുരാജിന്റെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുത്തില്ല.
പിന്നീട് യുവതി ഗർഭിണിയായപ്പോൾ ഈ വിവരം ഗുരുരാജ് സ്വന്തം വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചിരുന്നു. ഗുരുരാജിന്റെ അയൽവാസിയായ സ്ത്രി ഇക്കാര്യം ഗുരുരാജിന്റെ അഛൻ നാരായണപാട്ടാളിയെ അറിയിച്ചു. ഇതോടെ നാരായണപാട്ടാളിയും മറ്റ് ബന്ധുക്കളും ഗുരുരാജിന്റെ വീട്ടിലെത്തി അനുനയത്തിന് ശ്രമിച്ചു.ഉടൻ ഒരു കുഞ്ഞിന് ജൻമം നൽകുന്നത് കുടുംബത്തിന് മാനഹാനി വരുത്തുമെന്നും അതുകൊണ്ട് ഇപ്പോൾ ഗർഭഛിദ്രം നടത്തണമെന്നും അതിന് തയ്യാറായില്ലെങ്കിൽ തങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും നാരായണപാട്ടാളി യുവതിയുടെ വീട്ടുകാരോട് പറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞ് വീണ്ടും ഗർഭിണിയാകുമ്പോൾ പ്രസവിക്കാമെന്നും എതിർപ്പുകൾ അവസാനിപ്പിച്ച് രണ്ടുവീട്ടുകാർക്കും സഹകരിച്ച് മുന്നോട്ടുപോകാമെന്നും ഭർതൃവീട്ടുകാർ ഉറപ്പ് നൽകി. സമ്മർദ്ദം ശക്തമാതോടെ യുവതി 2019 ജൂലായ് 23ന് ഗർഭഛിദ്രത്തിന് വിധേയയായി. അതിന് ശേഷം ഭർത്താവോ വീട്ടുകാരോ തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും താൻ വിശ്വാസവഞ്ചനക്കിരയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കുമ്പള പൊലീസ് കേസിന്റെ തുടർ അന്വേഷണം കാസർകോട് സ്‌പെഷൽ മൊബൈൽ സ്‌ക്വാഡിന് കൈമാറി.