കണ്ണൂരിൽ വൈദികരുടെ ലൈംഗിക പീഡനം; വിവാദം പുതിയ തലത്തിലേക്ക്

കണ്ണൂർ- രണ്ട് വൈദികരുടെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. പീഡനവുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. പീഡനത്തിനിരയായ വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
പീഡന വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പൊട്ടൻ പ്ലാവ് സ്വദേശി അമ്പാട്ട് പോളിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രചാരണം നടത്തിയതിന് കുടിയാന്മല പോലീസ് കേസെടുത്തത്. ഓഡിയോ ക്ലിപ്പിൽ പരാമർശിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. തന്റെ മകളുടെ പേര് ഈ സംഭവത്തിൽ അനാവശ്യമായി വലിച്ചിഴക്കുകയും അതുവഴി അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. വീട്ടമ്മയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊട്ടൻ പ്ലാവ് ഇടവക വികാരിയായ ഫാ.ജോസഫ് പൂത്തോട്ടത്തിൽ, ഫാ.മാത്യു മുല്ലപ്പള്ളി എന്നിവർക്കെതിരെ തലശ്ശേരി അതിരൂപത കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ഇവരുമായി അമ്പാട്ട് പോൾ, ഫോണിൽ സംസാരിച്ചിരുന്നു. ഈ ഫോൺ സംഭാഷണം റെക്കോർഡ് ചെയത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിൽ വീട്ടമ്മയ്ക്കു പുറമെ നിരവധി സ്ത്രീകളുടെ പേരുകൾ പരാമർശിക്കുന്നുണ്ട്. അതിൽ ഒരു പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയിരിക്കുന്നത്.
ഈ ഫോൺ സംഭാഷണങ്ങൾ മലയോര മേഖലയിൽ വൻ കോളിളക്കം ഉണ്ടാക്കിക്കഴിഞ്ഞു. അതിനിടെ, വികാരിമാർ പീഡിപ്പിച്ച വീട്ടമ്മയെ ആദ്യം പീഡനത്തിനിരയാക്കിയത് ഈ പ്രദേശത്തെ ഒരു യുവാവാണെന്ന വിവരം ഓഡിയോ ക്ലിപ്പിലൂടെ പുറത്തു വന്നു. അംഗൻവാടി അധ്യാപിക ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിച്ചാണിയാൾ പീഡിപ്പിച്ചത്. പിന്നീട് ഒഴിവാക്കുകയും ചെയ്തു. വീട്ടമ്മ, കുമ്പസാരത്തിനിടെ ഈ വിവരം ഫാ.ജോസഫ് പൂത്തോട്ടത്തിലിനോട് വെളിപ്പെടുത്തിയിരുന്നുവത്രേ. ഈ വിവരം ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കിയാണ് പല തവണ പീഡിപ്പിച്ചത്. പിന്നീട് യുവതിക്ക് ഒരു നഴ്‌സറിയിൽ ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. ഫാ.ജോസഫ് സ്ഥലം മാറി പോയപ്പോൾ പകരമെത്തിയ ഫാ.മാത്യുവിനൊട് ഈ യുവതിയുടെ വിവരം സൂചിപ്പിച്ചിരുന്നു. അതിനു ശേഷം ഇയാളും സമാന രീതിയിൽ വീട്ടമ്മയെ പീഡിപ്പിച്ചുവെന്നാണ് വിവരം. ഫോൺ സന്ദേശത്തിൽ പരാമർശിക്കപ്പെട്ട പലരും നിയമ നടപടികൾക്കൊരുങ്ങുന്നുവെന്നാണ് അറിയുന്നത്. അതിനിടെ, പീഡനത്തിനിരയായ വീട്ടമ്മ, ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുവെന്നാണ് പരാതി.ഇതിൽ അന്വേഷണം നടന്നു വരികയാണ്.

 

Latest News