ഫ്രാന്‍സില്‍ പുരോഹിതന്മാര്‍ 3000 കുട്ടികളെ പീഡിപ്പിച്ചു

പാരീസ്- ഫ്രഞ്ച് കത്തോലിക്ക പുരോഹിതര്‍ 1950 മുതല്‍ 3000 കുട്ടികളെയെങ്കിലും ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഇതുസംബന്ധിച്ച് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പ്രസിഡന്റ് വെളിപ്പെടുത്തി. 1500 പുരോഹിതന്മാരും മറ്റു ചര്‍ച്ച് ഉദ്യോഗസ്ഥരുമാണ് ഇത്രയും കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അന്വേഷണ സമിതി അധ്യക്ഷന്‍ ജീന്‍ മാര്‍ക് സൗവേ പറഞ്ഞു.
ഫ്രഞ്ച് ക്രൈസ്തവ ചര്‍ച്ചുകളിലും  പുറത്തും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വിഷയം ഉയര്‍ന്നുവന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ കമ്മീഷനെ നിയോഗിച്ചത്. ഇരകള്‍ക്ക് മുന്നോട്ടുവരാന്‍ സ്ഥാപിച്ച ഹോട്ട് ലൈനില്‍ ഒരുവര്‍ഷത്തിനിടെ 5,300 കോളുകളാണ് ലഭിച്ചതെന്ന് സൗവേ പറഞ്ഞു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ ഓരോ വര്‍ഷവും 40 കേസുകളുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇതിലുമേറെ ഇരകളുണ്ടാകാമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായും വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹോട്ട് ലൈന്‍ വഴിയും കമ്മീഷന്‍ വേറ നടത്തിയ അന്വേഷണം വഴിയും കണ്ടെത്തിയ കേസുകള്‍ എങ്ങനെ ക്രോഡീകരിക്കണമെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇരകളുടേയും  സാക്ഷികളുടേയും വിസ്താരം  ഒക്ടോബര്‍ അവസാനം വരെ നീട്ടിയിട്ടുണ്ട്. കോവിഡ് ലോക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന്  ചര്‍ച്ചകളിലെ രേഖകളുടെ പരിശോധന പുനരരാംഭിച്ചിട്ടുണ്ട്. ലൈംഗിക ചൂഷണം അറിഞ്ഞിട്ടും വിവരം അധികൃതരെ അറിയിക്കാത്ത ഉന്നത ഉദ്യോഗസ്ഥരും കേസില്‍ ഉള്‍പ്പെടുമെന്ന് അന്വേഷണ സമിതി അധ്യക്ഷന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

 

 

Latest News