സാബിക്കിന്റെ 70 ശതമാനം ഓഹരികള്‍ അറാംകോ സ്വന്തമാക്കി

റിയാദ് - ലോകത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍സ് കമ്പനികളിലൊന്നായ സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ (സാബിക്) 70 ശതമാനം ഓഹരികള്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകോ സ്വന്തമാക്കി.

ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സാബിക് ഓഹരികളാണ് അറാംകോ സ്വന്തമാക്കിയത്. ഏറ്റെടുക്കല്‍ ഇടപാട് പൂര്‍ത്തിയായതായി സൗദി അറാംകോ അറിയിച്ചു.


സാബിക് ഓഹരി ഏറ്റെടുക്കല്‍ ഇടപാട് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് വ്യവസ്ഥകള്‍ പ്രകാരം അറിയിക്കേണ്ട രാജ്യങ്ങളെയെല്ലാം അറിയിച്ച് ആവശ്യമായ അനുമതി നേടിയ ശേഷം ജൂണ്‍ 16 നാണ് ഇടപാട് പൂര്‍ത്തിയാക്കിയതെന്ന് അറാംകോ പറഞ്ഞു. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പക്കലുണ്ടായിരുന്ന സാബിക്കിന്റെ 70 ശതമാനം ഓഹരികള്‍ 25,912.5 കോടി റിയാലിനാണ് (6910 കോടി ഡോളര്‍) സ്വന്തമാക്കിയതെന്നും അറാംകോ അറിയിച്ചു. സൗദി ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടാണിത്. ആഗോള തലത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടുകളില്‍ ഒന്നുമാണിത്. ഓഹരിയൊന്നിന് 123.39 റിയാല്‍ നിരക്കിലാണ് സാബിക്കിന്റെ 70 ശതമാനം ഷെയറുകള്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് സ്വന്തമാക്കിയതെന്നും സൗദി അറാംകോ പറഞ്ഞു.


ഇടപാട് അനുസരിച്ച തുക 2020 ഓഗസ്റ്റ് രണ്ടിനും 2028 ഏപ്രില്‍ ഏഴിനും ഇടയില്‍ ഒമ്പതു ഗഡുക്കളായാണ് സൗദി അറാംകോ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റിന് കൈമാറുക. ഇക്കാര്യത്തില്‍ സൗദി അറാംകോയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും തമ്മില്‍ 2019 മാര്‍ച്ച് 27 ന് ഒപ്പുവെച്ച കരാറില്‍ 2020 ജൂണ്‍ 16 ന് ഭേദഗതികള്‍ വരുത്തിയാണ് ഏറ്റെടുക്കല്‍ ഇടപാട് പൂര്‍ത്തിയാക്കിയത്. ആഗോള തലത്തില്‍ പെട്രോകെമിക്കല്‍സ് മേഖലയില്‍ സൗദി അറാംകോയുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ പുതിയ ഇടപാട് സഹായിക്കും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്താനുള്ള തന്ത്രം നടപ്പാക്കാന്‍ ആവശ്യമായ വിഭവം സമാഹരിക്കാന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനെയും പുതിയ ഇടപാട് സഹായിക്കും.  

 

Latest News