അവധിയെടുക്കാൻ ആവശ്യപ്പെട്ടാൽ രാജിവക്കുമെന്ന് ബനാറസ് വി.സി

വരാണസി- വിദ്യാർത്ഥിനിക്കെതിരായ മാനഭംഗ ശ്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കാത്തതിനെ ചൊല്ലി വിദ്യാർത്ഥി പ്രക്ഷോഭമുണ്ടായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിസി ഗിരീഷ് ചന്ദ്ര ത്രിപാഠി രാജിഭീഷണിയുമായി രംഗത്ത്. കാമ്പസിൽ സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിൽ അവധിയിൽ പോകാൻ ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തന്നോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

നവംബർ 30 കാലാവധി പൂർത്തിയാക്കി വിരമിക്കാനിരിക്കുകയാണ് ത്രിപാഠി. അതിനിടെ പുതിയ വി.സിയെ കണ്ടെത്തുന്നതിനുള്ള പാനൽ രൂപീകരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. കാമ്പസിലുണ്ടായ സംഭവവികാസങ്ങളെയും സ്വീകരിച്ച നടപടികളേയും സംബന്ധിച്ച് യഥാസമയം മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവഡേക്കറെ അറിയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

യൂണിവേഴ്‌സിറ്റിക്കു വേണ്ടി പലകാര്യങ്ങളും ചെയ്തിട്ടുണ്ട്. വിരമിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ ഇത്തരമൊരു സാഹചര്യത്തിൽ അവധിയിൽ പോകാൻ ആവശ്യപ്പെട്ടാൽ രാജിയായിരിക്കും താൻ സ്വീകരിക്കുന്ന വഴിയെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഹോസ്റ്റലിനു സമീപം വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം പുറത്തുനിന്നുള്ളവർ പടച്ചുവിട്ട ഊഹാപോഹമാണെന്നാണ് വിസിയുടെ നിലപാട്. എന്നാൽ സുരക്ഷാ ഭീഷണി നേരിടുന്ന വിദ്യാർത്ഥിനികൾ വിസിയുടെ നിലപാടിനെതിരെ ശക്തമായി രംഗത്തു വരികയും പ്രതിഷേധ പ്രകടനം നടത്തുകയുമായിരുന്നു. പ്രശ്‌നം വഷളായതോടെ യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്ടർ ഒ എൻ സിങ് രാജിവച്ചിരുന്നു.
 

Latest News