തിരുവനന്തപുരം- കേരളത്തിനു പുറമെ ഏതൊക്കെ സംസ്ഥാനങ്ങള്‍ പ്രവാസികള്‍ക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്ന് വ്യക്തമാക്കെ മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. കോവിഡ് ബാധിച്ചവരേയും ബാധിക്കാത്തവരേയും വെവ്വേറെ കൊണ്ടുവന്നാല്‍ മതിയെന്ന കേരളത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്നും ചാർട്ടർ വിമാനങ്ങള്‍ ഏർപ്പെടുത്തുന്ന് സ്പൈസ് ജെറ്റ് ഇക്കാര്യം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരേ മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തിൽ കൊണ്ടുവരരുത് എന്നു മുന്പുപറഞ്ഞ മുരളീധരൻ എന്തിനാണ് ഇപ്പോൾ അതു മാറ്റി പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ല എന്നു സംസ്ഥാനം പറയുന്നില്ല. പരിശോധന നടത്തണം എന്നാണു ആവശ്യപ്പെടുന്നത്. ഇത് പ്രവാസികൾക്ക് എതിരാണ് എന്നു പ്രചാരണം നടത്തുന്നു. ആ പ്രചാരണത്തിൽ കേന്ദ്ര സഹമന്ത്രി കൂടി പങ്കാളിയാകുന്നു. മാർച്ച് 11ന് ഇതേ സഹമന്ത്രി പറഞ്ഞത് രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ സഞ്ചരിച്ചാൽ രോഗം പകരാമെന്നാണ്. അതതു രാജ്യങ്ങളിൽ പരിശോധന നടത്തി രോഗമുള്ളരെ അവടെ ചികിത്സിക്കുകയും അല്ലാത്തവരെ കൊണ്ടുവരികയും ചെയ്യാം എന്നാണ്. എന്നാൽ കേരളം അങ്ങനെ പറഞ്ഞിട്ടില്ല. രോഗമുള്ളവരെയും ഇല്ലാത്തവരേയും ഒരുമിച്ചു കൊണ്ടുവരാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗമുള്ളർ അവിടത്തന്നെ കഴിയട്ടെ എന്നു സംസ്ഥാനത്തിനു നിലപാടില്ല. രോഗമുള്ളവരെയും ഇല്ലാത്തവരേയും ഒരുമിച്ചു കൊണ്ടുവരാൻ സാധിക്കില്ല. രോഗമുള്ളവർ അവിടത്തന്നെ കഴിയട്ടെ എന്നു സംസ്ഥാനത്തിനു നിലപാടുമില്ല. എല്ലാ ആളുകളെയും ടെസ്റ്റിനു വിധേയരാക്കിയതിനു ശേഷമേ കയറ്റൂ. ഇതു പറഞ്ഞ ആൾ തന്നെയാണ് കേരളം ടെസ്റ്റിന് വേണ്ടി പറയുന്നത് മഹാപാതകം എന്നു പറഞ്ഞു നടക്കുന്നത്. മേയ് 5ന് ഇതു പറഞ്ഞതിനുശേഷം എന്ത് അദ്ഭുതമാണ് നടന്നതെന്ന് അദ്ദേഹം പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.






