കോവിഡ് പരിശോധന: പ്രവാസികളോട് കാണിക്കുന്നത് നീതികേട്-പി.സി ജോർജ്

കോട്ടയം -  കോവിഡ് പരിശോധന നിർബന്ധമാക്കിയതിലൂടെ അറേബ്യൻ മലയാളികളോട്  നീതികേടും നന്ദികേടുമാണ് പിണറായി സർക്കാർ കാട്ടിയിരിക്കുന്നതെന്ന്് പി.സി ജോർജ് എം.എൽ.എ. കടക്കെണിയിലായ കേരളത്തെ തീറ്റിപോറ്റുന്നതിന് ഗൾഫ് മലയാളികൾ ചെയ്ത സേവനം നന്ദിയോടെ സ്മരിക്കേണ്ടതാണ്. കോവിഡ് പരിശോധന നടത്താതെ വിമാനത്തിൽ കയറാൻ പാടില്ല എന്ന നിർദേശമാണ് മുഖ്യമന്ത്രി മുമ്പോട്ടു വച്ചിരിക്കുന്നത്്. അതായത് 75000 രൂപയോളം പരിശോധന ഫീയും കൂടാതെ വിമാനയാത്രാക്കൂലിയും നൽകണമെന്ന്് പറയുന്നത് ക്രൂരമാണ്. ഇതിനോട് പിണറായി സർക്കാരിനോടുളള അമർഷം ജനങ്ങൾക്കിടയിലുണ്ട്. അത്് വ്യാപകമാണ്. സാമ്പത്തിക ബുദ്ധിമുട്ട് പറയുന്നതിൽ അർഥമില്ല. അവരുടെ പണം കൊണ്ടാണ് സർക്കാർ എത്രയോ വർഷംസുഖമായി മുന്നോട്ടുപോയത്്.  നമ്മൾ നഷ്ടം സഹിച്ചാണെങ്കിലും അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കണം.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ് പ്രവാസികളെ നാട്ടിലേക്ക്് കൊണ്ടുവരാനുളള തീരുമാനം.  തിടുക്കത്തിൽ പ്രവാസികളെ കൊണ്ടുവരേണ്ടെന്ന കേന്ദ്രനയത്തിനെതിരെ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പ്രസംഗിക്കുകയും എല്ലാവരും പിന്തുണയ്ക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു.അത് പോക്കറ്റിലിട്ടോണ്ടാണ് ഇപ്പോഴത്തെ തീരുമാനം. ലോക്ഡൗൺ പ്രഖ്യാപനം തിടുക്കത്തിലായി. ആ സമയത്ത് കതടകടച്ച് ഇരിക്കാതെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും അതിഥി തൊഴിലാളികളെ മടക്കി അയക്കുന്നതിനും തീരുമാനം എടുക്കേണ്ടതായിരുന്നു. ആദ്യ 15 ദിവസങ്ങളിൽ പ്രവാസികളായ ഇന്ത്യാക്കാർ തിരികെ നാട്ടിലെത്താൻ അഭ്യർഥിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ സാഹചര്യവും മരണവും ഒഴിവാകുമായിരുന്നു. കോവിഡ് പകരുകയില്ലായിരുന്നു. അതിന് പകരം മണ്ടത്തരമാണ് കാട്ടിയത്.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പോലും ഇന്ന് കോവിഡ് ഭീതിയാണ്. ഈരാറ്റുപേട്ടയിൽ 40,000 ജനങ്ങളാണുളളത്. ഗൾഫ് മലയാളികൾ ഏറെ ഇവിടെ തിരിച്ചെത്താനുമുണ്ട്. അതിനാലാണ് താൻ ഇങ്ങനെ പ്രതികരിക്കുന്നത്.

 

Latest News