ഇന്ത്യ-ചൈന സംഘർഷത്തില്‍ ആശങ്ക അറിയിച്ച് യു.എന്‍; നിരീക്ഷിക്കുന്നുവെന്ന് അമേരിക്ക

ഭോപ്പാലില്‍ ചൈനക്കെതിരെ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം.

ജനീവ- ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ സൈനികർ കൊല്ലപ്പെട്ട ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ ആശങ്ക അറിയിച്ച  ഐക്യാരാഷ്ട്ര സംഘടന. ഇരുഭാഗവും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യർഥിച്ചു.

ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിയായ യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിലും മരണങ്ങളിലും ആശങ്കയുണ്ട്. ഇരുവിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണം.   പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം തുടങ്ങിയത് നല്ല ലക്ഷണമാണെന്നും യുഎന്‍ സെക്രട്ടറി ജനറലിന്‍റെ വക്താവ് എറി കനേക്കോ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അമേരിക്ക പ്രതികരിച്ചു.

സംഘർഷം സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് വക്താവ് പറഞ്ഞു. ഇരു രാജ്യങ്ങളും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും  വക്താവ് പറഞ്ഞു.

ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരും 40 സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.

അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇത്രയേറെ മരണം. 132 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളില്‍ പറയുന്നു.

ഗാല്‍വന്‍ താഴ്വരയിലെ 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസറായ ആന്ധ്ര വിജയവാഡ സ്വദേശി കേണല്‍ സന്തോഷ് ബാബു, തമിഴ്‌നാട് സ്വദേശിയായ ഹവില്‍ദാര്‍ പളനി, ജാര്‍ഖണ്ഡ് സ്വദേശി സെപോയ് കുന്ദന്‍ കുമാര്‍ ഓഝ എന്നിവർ ആക്രമണത്തില്‍ വീരമൃത്യുവരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ സൈനികര്‍ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നാണ് ചൈനീസ് വക്താവ് അവകാശപ്പെട്ടത്. എന്നാല്‍, ഇന്ത്യയുടെ ഭൂപ്രദേശത്തുവെച്ചാണു സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യ വ്യക്തമാക്കി.

Latest News