Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ പിടിച്ച് കൊണ്ടുപോയ സിഐഎസ്എഫ്  ഉദ്യോഗസ്ഥരെ ക്രൂരമായി പീഡിപ്പിച്ചതായി ഇന്ത്യ

ന്യൂദല്‍ഹി- ഇസ്‌ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിടിച്ച് വച്ച് ക്രൂരമായി ശാരീരിക മാനസീക പീഡനത്തിനിരയാക്കിയതായി ഇന്ത്യ. ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ആക്ടിംഗ് സ്ഥാനപതി ഹൈദര്‍ ഷായെ വീണ്ടും ഇന്ത്യ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചു. ജൂണ്‍ 15, തിങ്കളാഴ്ചയാണ് പാക് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാക് ഏജന്‍സികള്‍ പിടിച്ചുകൊണ്ടുപോയി അനധികൃതമായി പത്ത് മണിക്കറിലധികം കസ്റ്റഡിയില്‍ വച്ചതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനും വിദേശകാര്യമന്ത്രാലയവും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് ഇവരെ വിട്ടയക്കാന്‍ പാക് ഏജന്‍സികള്‍ തയ്യാറായത്.
ഇവരെ നിര്‍ബന്ധിച്ച് വീഡിയോയ്ക്ക് മുന്നില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി എഴുതിയ രേഖയില്‍ ഒപ്പുവയ്പിച്ചു. ഹൈക്കമ്മീഷന്റെ വാഹനം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം അനാവശ്യമായി പാകിസ്ഥാനി അധികൃതര്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വ്യക്തമാക്കുന്നു. നേരത്തേ, ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പാക് ചാരസംഘടനയായ ഐഎസ്‌ഐ പിന്തുടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തു വന്നിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രപ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തിന് പിന്നാലെ ഐഎസ്‌ഐ അംഗം സഞ്ചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഇന്ത്യ പുറത്തുവിട്ടത്.


 

Latest News