Sorry, you need to enable JavaScript to visit this website.

കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു

സോള്‍- കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്‌സോങിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസ് ആണ് ഉത്തര കൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. പ്രാദേശികസമയം 2.49ഓടെ സ്‌ഫോടനം നടന്നതായി ദക്ഷിണ കൊറിയന്‍ ഔദ്യോഗിക വക്താക്കാള്‍ പ്രതികരിച്ചു.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നതിനിടെയാണ് സംയുക്ത ഓഫീസ് തകര്‍ത്തത്. ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനായി 2018ലാണ് കേയ്‌സോങില്‍ സംയുക്ത ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. 20 ഉദ്യോഗസ്ഥരെ വീതമാണ് സംയുക്ത ഓഫീസില്‍ വിന്യസിക്കുന്നത്. എന്നാല്‍ 2018ല്‍ സ്ഥാപിച്ച സംയുക്ത ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും 2019ല്‍ തന്നെ ഉത്തര കൊറിയ ഭാഗികമായി പിന്മാറിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി മുതല്‍ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ല. ദക്ഷിണ കൊറിയയ്‌ക്കെതിരെ വേണ്ടിവന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭീഷണി മുഴക്കിയിരുന്നു. അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കിം യോ ജോങ് ഭീഷണി ഉയര്‍ത്തിയത്.
 

Latest News