വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിയുള്ള രാജകൽപന സൗദി അറേബ്യയുടെ സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ രംഗത്തെ നാഴികക്കല്ലായിവേണം വിലയിരുത്താൻ. സ്ത്രീകൾക്ക് ലഭിച്ച ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണിത്. മറ്റാരേയും ആശ്രയിക്കാതെ സർവതന്ത്ര സ്വതന്ത്രരായി തങ്ങളുടെ രാജ്യത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവിലൂടെ സ്ത്രീകൾക്ക് കൈവന്നിട്ടുള്ളത്. സ്ത്രീകളുടെ പങ്കാളിത്തംകൂടി ഉറപ്പാക്കാതെ പരിഷ്‌കാരവും വികസനവും സാധ്യമാവില്ലെന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിഷൻ 2030 വിഭാവന പദ്ധതികളുടെ കാഴ്ചപ്പാടിന് ശക്തിപകരുന്നതാണ് ഈ തീരുമാനം.
അടുത്ത വർഷം ജൂൺ മുതൽ വാഹനങ്ങളുടെ വളയങ്ങൾക്ക് പിന്നിൽ വനിതകളിരിക്കാൻ തുടങ്ങുമ്പോൾ അത് രാജ്യത്തെ സ്ത്രീകളുടെ കുതിപ്പിനു മാത്രമല്ല, രാജ്യത്തിന്റെ വികസനക്കുതിപ്പിനുകൂടിയായിരിക്കും ഗതിവേഗം പകരുക. ഊർജസ്വലരായ, വിദ്യാസമ്പന്നരായ യുവജനതയാണ് സൗദിയുടെ കരുത്ത്. ഈ മാനവശേഷി ഒരു തുറന്ന സമൂഹത്തിന്റെ സൃഷ്ടിപ്പിലൂടെ വിനിയോഗിക്കപ്പെടുമ്പോൾ അത് രാജ്യത്ത് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ വിവരണാതീതമായിരിക്കും.
സൗദിയിലെ സ്ത്രീ സമൂഹത്തെപ്പോലെ ലോകം തന്നെ ഈ തീരുമാനത്തെ അതിരറ്റ ആവേശത്തോടെയാണ് വരവേറ്റത്. മാധ്യമ ലോകം ഇതിനു നൽകിയ പ്രാധാന്യം അതു വിളിച്ചറിയിക്കുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിലെ അലയൊലികൾ അടങ്ങാതെ തുടരുന്നതും ഈ ചരിത്ര സംഭവത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. ഇതുവരെ സ്ത്രീകൾക്ക് ഏതൊരു കാര്യം ചെയ്യുന്നതിനും അവരുടെ രക്ഷിതാവിന്റെ അനുമതി വേണമായിരുന്നു. എന്നാൽ ലൈസൻസിന്റെ കാര്യത്തിൽ അതു വേണ്ടതില്ലെന്ന തീരുമാനം ഏതു രംഗത്തും സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പ്രതിഫലനം കൂടിയാണ്.
വനിതകൾക്ക് ലൈസൻസ് നൽകുന്നതിനെക്കുറിച്ച ചർച്ചകൾ സർക്കാർ തലത്തിലും മാധ്യമ രംഗത്തും സമൂഹ മാധ്യമ മേഖലയിലും സജീവമായിട്ട് നാളേറെയായിരുന്നു. എങ്കിലും പലവിധ തടസ്സവാദങ്ങൾ ഉയർന്നു വന്നപ്പോൾ അതിനു കാലതാമസം നേരിടുകയായിരുന്നു. വിശ്വാസപരമായ കാഴ്ചപ്പാടുകളായിരുന്നു തടസ്സവാദങ്ങളിൽ പ്രധാനം. എന്നാൽ സ്ത്രീകൾ വാഹനം ഓടിക്കുന്നതിനെ ഇസ്‌ലാം വിലക്കുന്നില്ലെന്നും അതിനാൽ എതിർക്കപ്പെടേണ്ടതില്ലെന്നുമുള്ള ഉന്നത പണ്ഡിത സഭയുടെ തീരുമാനം പുറത്തുവന്നതോടെ എല്ലാ തടസ്സവാദങ്ങളും അപ്രസക്തമാവുകയായിരുന്നു.
സ്ത്രീകൾ പൊതുരംഗത്ത് സജീവമായാൽ അതു തെറ്റുകളിലേക്ക് വഴിയൊരുക്കുമെന്ന ആശങ്കയെ അസ്ഥാനത്താക്കി വിഷൻ 2030 ന്റെ പ്രഖ്യാപന ശേഷം സ്ത്രീകളുടെ വൻ മുന്നേറ്റമാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ സൗദിയിലുണ്ടായത്. തൊഴിൽ രംഗത്ത് സ്ത്രീ സാന്നിധ്യം അനുദിനം വർധിക്കുകയാണ്. ഉന്നത തസ്തികകളിൽവരെ സ്ത്രീകളുടെ നിയമനം നടന്നുവരുന്നു. വിഷൻ 2030ലേക്കുള്ള പാതയൊരുക്കുന്നതിന് മതകാര്യ പോലീസിനു മേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നുകൊണ്ടായിരുന്നു തുടക്കം. ശൂറാ കൗൺസിലിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിച്ചതോടൊപ്പം നഗരസഭാ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയും പല മേഖലകളിലും തൊഴിൽ സംവരണം ഏർപ്പെടുത്തിയും സ്ത്രീ ശാക്തീകരണത്തിന് ഊർജം പകർന്നു. എന്റർടൈൻമെന്റ് അതോറിറ്റിയുടെ രൂപീകരണവും കായിക രംഗത്തേക്കുള്ള അനുമതിയും അവസാനമായി ദേശീയ ദിനാഘോഷത്തിൽ പങ്കാളികളാവുന്നതിന് ഫുട്‌ബോൾ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനാനുമതി നൽകിയും സ്ത്രീ പങ്കാളിത്തത്തിന്റെ തോത് സർവ മേഖലകളിലും വർധിപ്പിച്ചു വരികയായിരുന്നു. ലൈസൻസിന് അനുമതി നൽകിയതോടെ രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീ തുല്യ പങ്കാളിത്തമെന്ന കാഴ്ചപ്പാടിന് കൂടുതൽ പകിട്ട് ചാർത്തപ്പെട്ടിരിക്കുകയാണ്.
വനിതകൾക്ക് ലൈസൻസ് നൽകാനുള്ള തീരുമാനം പ്രവാസികളായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണെങ്കിലും സ്വദേശികൾക്കിത് സമയനഷ്ടമില്ലായ്മയും സാമ്പത്തിക ലാഭവും ഉണ്ടാക്കും. പ്രവാസികളിൽ പ്രത്യേകിച്ച് വിദ്യാസമ്പന്നരല്ലാത്ത പതിനായിരങ്ങൾക്ക് ജോലി നൽകുന്നതാണ് ഹൗസ് ഡ്രൈവർ മേഖല. സ്ത്രീകൾ സ്വന്തമായി വാഹനം ഓടിക്കാൻ തുടങ്ങുന്നതോടെ അവരിൽ പലരും തൊഴിൽരഹിതരാവും. ഇത് ഏറെ ബാധിക്കുക മലയാളികളെയായിരിക്കും. കേരളത്തിലെ താഴെതട്ടിലുള്ള പ്രവാസി കുടുംബങ്ങളിൽ നല്ല പങ്കും ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടുംബനാഥൻമാരുടെ വരുമാനംകൊണ്ടാണ് ജിവിക്കുന്നത്. അവർക്ക് ജോലി നഷ്ടപ്പെടുന്നതോടെ ഇത്തരം കുടുംബങ്ങൾ കഷ്ടപ്പാടിലാവും.
അതേ സമയം സ്വദേശി കുടുംബങ്ങൾക്ക് ഇത് വൻ സാമ്പത്തിക നേട്ടം കൊണ്ടുവരും. ഇന്ന് വിദ്യാലയങ്ങളിലേക്കായാലും ജോലി സ്ഥലങ്ങളിലേക്കായാലും ഷോപ്പിംഗിനായാലും സ്ത്രീകൾക്കു പുറത്തു പോകണമെങ്കിൽ സ്വന്തക്കാരെ ആശ്രയിക്കുകയോ, അതല്ലെങ്കിൽ അന്യപുരുഷൻമാർ ഓടിക്കുന്ന വാഹനത്തിലോ പോകേണ്ടതുണ്ട്. ഇത് സുരക്ഷിതത്വ ഭീഷണയുയർത്തുന്നതോടൊപ്പം ശമ്പള ഇനത്തിൽ വൻ സാമ്പത്തിക ബാധ്യതയും വരുത്തിവെക്കുന്നു. സ്വന്തമായി വാഹനം ഓടിക്കാനുള്ള അവസരം കൈവരുന്നതോടെ ഡ്രൈവർമാക്കായി വിനിയോഗിക്കുന്ന പൈസ ലാഭിക്കാം. ഇനി മുതൽ വീട്ടു ജോലിക്കാരികളെ തെരഞ്ഞെടുക്കുമ്പോൾ ഡ്രൈവിംഗ് അറിയാവുന്നവരെ പരിഗണിക്കുക കൂടി ചെയ്താൽ സ്വന്തമായി വാഹനം ഓടിക്കാത്തവർക്ക് അവരെ ഉപയോഗിക്കുകയുമാവാം. അതുകൊണ്ട് സ്വദേശി കുടുംബങ്ങൾക്ക് സാമ്പത്തികമായി ആശ്വാസംകൂടി പകുന്നതാണ് ഈ തീരുമാനം.
എണ്ണവില കുറയുമ്പോഴും സൗദിയുടെ സാമ്പത്തിക വളർച്ച മേലോട്ടാണ്. 2015 സാമ്പത്തിക വർഷം ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 3.4ൽ നിന്ന് 3.1 ആയി കുറഞ്ഞപ്പോൾ സൗദി 1.7 ശതമാനം അധിക വളർച്ച കൈവരിച്ചു. സ്ത്രീകളുടെ പങ്കാളിത്തംകൂടി ഉറപ്പാക്കിയുള്ള സാമൂഹിക, സാമ്പത്തിക രംഗത്തെ പരിഷ്‌കരണമാണിതിനു കാരണം. എന്തായാലും സൗദിയുടെ വരും നാളുകൾ സ്ത്രീ മുന്നേറ്റത്തിന്റേതുകൂടിയാവും.






