മലപ്പുറത്ത് 15 പേർക്കു കൂടി കോവിഡ്‌

മലപ്പുറം - ജില്ലയിൽ 15 പേർക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധ.  
ആറു പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നു ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.


അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശി 56 വയസ്സുകാരനാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ ആറിന് വൈറസ് ബാധ സ്ഥിരീകരിച്ച കുറുവ പാങ്ങ് സ്വദേശി 41 കാരനുമായാണ് ഇയാൾക്ക് സമ്പർക്കമുണ്ടായത്. ജൂൺ നാലിനു മുംബൈയിൽ നിന്നു തീവണ്ടിയിൽ കോഴിക്കോട് വഴി നാട്ടിലെത്തിയ കരുവാരക്കുണ്ട് അരിമണൽ സ്വദേശി 29 വയസ്സുകാരൻ, ചെന്നൈയിൽ നിന്നു ജൂൺ രണ്ടിന് തിരിച്ചെത്തിയവരായ പറപ്പൂർ സ്വദേശി 29 വയസ്സുകാരൻ, പുൽപ്പറ്റ ഞാവലുങ്ങൽ കോലോത്തുംപടി സ്വദേശി 22 വയസ്സുകാരൻ, ബംഗളൂരുവിൽ നിന്ന് മേയ് 28 ന് സ്വകാര്യ ബസിൽ നാട്ടിലെത്തിയ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി 61 വയസ്സുകാരൻ, മേയ് 28 ന് മുംബൈയിൽനിന്നു സ്വകാര്യ വാഹനത്തിൽ ഒരുമിച്ചെത്തിയ കരുവാരക്കുണ്ട് വാക്കോട് സ്വദേശിനി 32 വയസ്സുകാരി, ബന്ധുവായ കരുവാരക്കുണ്ട് വാക്കോട് സ്വദേശി 16 വയസ്സുകാരൻ, കുവൈത്തിൽ നിന്ന് ജൂൺ 11 ന് കരിപ്പൂർ വഴി വീട്ടിലെത്തിയ പുളിക്കൽ ആന്തിയൂർക്കുന്ന് ആൽപ്പറമ്പ് സ്വദേശി 51 വയസ്സുകാരൻ, ജൂൺ ഏഴിനു ഖത്തറിൽ നിന്ന് കൊച്ചി വഴി നാട്ടിൽ തിരിച്ചെത്തിയ തിരൂർ തുഞ്ചൻപറമ്പ് സ്വദേശി 34 വയസ്സുകാരൻ, മേയ് 31 ന് ദുബായിൽ നിന്നു കരിപ്പൂർ വഴി തിരിച്ചെത്തിയ വാഴയൂർ പുഞ്ചപ്പാടം സ്വദേശിനി ഗർഭിണിയായ 23 വയസ്സുകാരി, ജൂൺ 11 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ പുത്തൂർ പള്ളിക്കൽ സ്വദേശി 37 വയസ്സുകാരൻ, ജൂൺ 11 നുതന്നെ കുവൈത്തിൽ നിന്നു വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയവരായ കൊണ്ടോട്ടി കൊട്ടപ്പുറം തുറക്കൽ സ്വദേശിനി 28 വയസ്സുകാരി, ഇവരുടെ മക്കളായ എട്ട് വയസ്സുകാരൻ, രണ്ടു വയസ്സുകാരൻ, ഒരു വയസ്സുകാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.  


രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്നു ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിനു സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. 


 

Latest News