ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം; പ്രധാനമന്ത്രി സത്യം വെളിപ്പെടുത്തണമെന്ന് എ.കെ ആന്റണി

 

ന്യൂദല്‍ഹി- ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തിന്റെ വസ്തുത പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും വെളിപ്പെടുത്തണമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ലഡാക്കിലെ പ്രശ്‌നങ്ങള്‍ ദേശസ്‌നേഹികളെ വേദനിപ്പിക്കും.അവിടെ രണ്ട് മാസമായി സംഘര്‍ഷം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണം.ദയവ് ചെയ്ത് സത്യമെന്താണെന്ന് തുറന്നുപറയണം.എന്താണ് അവിടെ നടക്കുന്നത്. എത്ര ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ചൈന നമ്മുടെ എത്ര പ്രദേശം കൈയേറിയിട്ടുണ്ടെന്നും എ.കെ ആന്റണി ചോദിച്ചു. ഇന്ന് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 43 ചൈനീസ് പട്ടാളക്കാരും 20 ഇന്ത്യന്‍ സൈനികരും മരിച്ചതായാണ് വിവരം.

1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്കും ചൈനക്കുമിടയില്‍ ആളപായമുണ്ടാകുന്ന ഏറ്റുമുട്ടല്‍ നടക്കുന്നത്. ലഡാക് അതിര്‍ത്തിയിലെ സ്റ്റാറ്റസ്‌കോ ലംഘിച്ചുള്ള ചൈനയുടെ കടന്നുകയറ്റമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
 സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിശദീകരണം നല്‍കി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തുമായും മുന്നു സേനാ മേധാവികളുമായും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.

 കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലാണ് സംഘര്‍ഷമുണ്ടായത്. ഇരു പക്ഷത്തെയും സൈനീകര്‍ തമ്മില്‍ വെടിവെപ്പുണ്ടായിട്ടില്ല. എന്നാല്‍, കല്ലും വടികളും കൊണ്ട് നടത്തിയ ആക്രമണത്തിലാണ് ഇരുപക്ഷത്തും ആള്‍നാശമുണ്ടായത്. തോക്കിന്റെ പാത്തി കൊണ്ടുള്ള അടിയേറ്റാണ് കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ അടകക്കമുള്ള സൈനികര്‍ കൊല്ലപ്പെട്ടത്. 16-ബിഹാര്‍ റെജിമെന്റില്‍ നിന്നുള്ള കമാന്‍ഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍. തിങ്കളാഴ്ച രാത്രിയായിരുന്നു സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തു ക്യാമ്പ് ചെയ്ത് ചര്‍ച്ച നടത്തുന്നുണ്ടെന്നും കരസേന അറിയിച്ചു.

Latest News