Sorry, you need to enable JavaScript to visit this website.

മലപ്പുറം മാതൃക ലോകശ്രദ്ധയിലെത്തിക്കാന്‍ പദ്ധതികളുമായി മുസ്ലിം ലീഗ്

മലപ്പുറം ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മുസ്്‌ലിം ലീഗ് ചര്‍ച്ചാ സംഗമം.

മലപ്പുറം- ആധുനികവത്കരണത്തിലും മൈത്രിയിലും സമാധാന ജീവിതത്തിലും കീര്‍ത്തി നേടിയ മലപ്പുറം മാതൃക ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി.


ജില്ലാ പിറവിയുടെ അമ്പത്തിയൊന്നാം  വാര്‍ഷികത്തോടനുബന്ധിച്ച് മുസ്്ലിംലീഗ് ജില്ലാ ആസ്ഥാനമായ പൂക്കോയ തങ്ങള്‍ സൗധത്തില്‍ ചേര്‍ന്ന ചര്‍ച്ച സംഗമം ഇതിനായി പരിപാടികള്‍ ആവിഷ്‌കരിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.  ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. യു.എ ലത്തീഫ് സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിഷയം അവതരിപ്പിച്ചു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ചര്‍ച്ച നയിച്ചു. അരനൂറ്റാണ്ടിനിടെ മലപ്പുറം കൈവരിച്ച പുരോഗതിയും മലപ്പുറത്തിന്റെ ചരിത്ര സാംസ്‌കാരിക പൈതൃകവും സാമൂഹിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങളും ജില്ലയുടെ സുസ്ഥിര വികസനവും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പരിചയപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇതിനായി സി.പി സൈതലവി കണ്‍വീനറായി സമിതി രൂപീകരിച്ചു.


മുസ്്ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ മൂത്തേടം, മുസ്്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ടി.പി.എം ബഷീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റിന്റെ ചുമതലയുള്ള കെ.എന്‍. ഹകീം തങ്ങള്‍, ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ് സംസാരിച്ചു.


മലപ്പുറത്തെ ബഹുജനകൂട്ടായ്മകളും സമുദായ ഐക്യവും ജനപ്രതിനിധികളുടെ നിതാന്ത ജാഗ്രതയും ഉദ്യോഗസ്ഥരുടെ അര്‍പ്പണ മനോഭാവവും കൊണ്ടുണ്ടാക്കിയതാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഏഷ്യയില്‍ തന്നെ ആദ്യമായി കമ്പ്യൂട്ടര്‍ പഠനം ജനകീയമാക്കാനും ഇന്ത്യയിലെ സമ്പൂര്‍ണ ഐ.ടി വിദ്യാഭ്യാസ ജില്ലയായി മാറാനും മലപ്പുറത്തിനായത് ഇതിനുദുഹരണമാണ്.  സ്ത്രീ വിദ്യാഭ്യാസത്തില്‍ നേട്ടങ്ങളുടെ നെറുകയിലാണ് മലപ്പുറം. ആകാശ ഗംഗയെക്കുറിച്ച് പഠനം നടത്തുന്ന ഗോളശാത്രജ്ഞക്ക് വരെ ജില്ല ജന്മം നല്‍കി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സുസ്ഥിര വികസനവും പുരോഗതിയും നേടാനാവൂ എന്ന് തിരിച്ചറിഞ്ഞ് മുസ്്ലിംലീഗ് നേതൃത്വവും സി.എച്ച് മുതലുള്ള വിദ്യാഭ്യാസ മന്ത്രിമാരും നടപ്പാക്കിയ വികസന പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയെ ഒന്നാമതെത്തിച്ചത്. കരിപ്പൂര്‍ എയര്‍പോര്‍ട്ട്, മഞ്ചേരി ജനറല്‍ ആശുപത്രിയുള്‍പ്പടെ ജനകീയ പങ്കാളിത്തത്തിന്റെ മലപ്പുറം മോഡല്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. വ്യവസ്ഥാപിതവും ജനോപകാരപ്രദവുമായ പാലിയേറ്റീവ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളും ഏറെയുണ്ട്. നന്മകള്‍ ഏറെയുള്ള മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്നും വിവിധ കോണുകളില്‍ നിന്ന് ശ്രമം തുടരുന്നുണ്ട്. സ്നേഹ സൗഹാര്‍ദ്ദങ്ങളുടെ പൈതൃകം തകര്‍ക്കാന്‍ സാധിക്കുകയില്ലെന്ന് ആരോപണമുന്നയിക്കുന്നവര്‍ക്കുപോലും ബോധ്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

 

Latest News