ന്യൂദൽഹി- ഇന്ത്യ-ചൈന സംഘർഷം നടക്കുന്ന ലഡാക്കിൽനിന്ന് ഇരുസൈന്യങ്ങളും പിൻവാങ്ങിയെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. അതിശൈത്യം കൂടെയുണ്ടായത് മരണത്തിന് കാരണമായെന്നും സൈന്യം പറയുന്നു. അതേസമയം, 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്കും ചൈനക്കുമിടയിൽ ആളപായമുണ്ടാകുന്ന ഏറ്റുമുട്ടൽ നടക്കുന്നത്. ലഡാക് അതിർത്തിയിലെ സ്റ്റാറ്റസ്‌കോ ലംഘിച്ചുള്ള ചൈനയുടെ കടന്നുകയറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി വിശദീകരണം നൽകി. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തുമായും മുന്നു സേനാ മേധാവികളുമായും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.