സൗദിയില്‍നിന്നെത്തി ചികിത്സയിലായിരുന്ന യുവതിക്ക് കോവിഡ് ഭേദമായി

ഫയല്‍ ചിത്രം

കോട്ടയം- സൗദിയില്‍നിന്നെത്തി കോവിഡ്  സ്ഥിരീകരിച്ച യുവതി രോഗ മുക്തയായി. കൊടുങ്ങൂര്‍ സ്വദേശിനിയായ യുവതിയടക്കം  മൂന്നു പേരാണ് ഇന്നലെ രോഗമുക്തരായത്. അതേ സമയം നാലുപേര്‍ക്ക്  കോവിഡ് സ്ഥിരികരിച്ചു.

സൗദിയില്‍ നിന്നെത്തിയ യുവതിയെ കൂടാതെ ദല്‍ഹിയില്‍നിന്നെത്തിയ മുതുകുളം സ്വദേശിനി(34)  മെയ് 17ന് അബുദാബിയില്‍നിന്നെത്തിയ കുമരകം സ്വദേശിനി(40) എന്നിവരാണ് വീട്ടിലേക്ക് മടങ്ങിയത്.

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോന്നി സ്വദേശിയും കോവിഡ് മുക്തനായി.

മെയ് 28ന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുമാരനല്ലൂര്‍ സ്വദേശിനി(32), മസ്‌കത്തില്‍നിന്ന് ജൂണ്‍ അഞ്ചിനെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(45), മുംബൈയില്‍നിന്ന് ജൂണ്‍ നാലിനെത്തി അതിരമ്പുഴയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആറുമാനൂര്‍ സ്വദേശിനി(29), പേരൂരിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശിനി(30) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യപ്രവര്‍ത്തകക്കൊപ്പം മുംബൈയില്‍നിന്ന് എത്തിയ ഭര്‍ത്താവിന്റേയും മകന്റേയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇരുവരും ഹോം ക്വാറന്റൈനിലാണ്.
നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് 54 പേരാണ് ചികിത്സയിലുള്ളത്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ രണ്ടു പേര്‍  എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി നിലവില്‍ പത്തനംതിട്ട ജില്ലയിലാണുള്ളത്.

 

Latest News