Sorry, you need to enable JavaScript to visit this website.

കേന്ദ്രസര്‍ക്കാറിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നു- യശ്വന്ത് സിൻഹ

ന്യൂഡൽഹി- കേന്ദ്ര സർക്കാറിനെതിരായ തന്റെ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് യശ്വന്ത് സിൻഹ. ദീർഘവിക്ഷണമില്ലാത്ത നടപടികളിലൂടെ രാജ്യത്തെ കേന്ദ്ര സർക്കാർ പ്രതിസന്ധിയിലാക്കിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും എ.എൻ.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ സിൻഹ വ്യക്തമാക്കി. മോശം നടപടികളുടെ പേരിൽ യു.പി.എ സർക്കാറിനെ വിമർശിച്ചവരാണ് എൻ.ഡി.എ. അധികാരത്തിലെത്തിയിട്ട്് നാൽപത് മാസം കഴിഞ്ഞു. പഴയ ഗവൺമെന്റിനെ തന്നെ ഇനിയും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും സിൻഹ വ്യക്തമാക്കി. 
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് യശ്വന്ത് സിൻഹ ഇന്നലെ അഭിപ്രായപ്പട്ടിരുന്നു. നോട്ടു നിരോധനവും ചരക്കു സേവന നികുതി നടപ്പാക്കിതിന്റെയും അനന്തര ഫലമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വൻ തകർച്ച നേരിടാനുള്ള കാരണമെന്നുമാണ് യശ്വന്ത് സിൻഹ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയിറ്റ്‌ലിയും ഇന്ത്യൻ സമ്പദ്  വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതിയേയും സിൻഹ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. 
ചരക്ക് സേവന നികുതി തെറ്റായ രീതിയിൽ വിഭാവനം ചെയ്ത് നടപ്പാക്കിയതാണ്. നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത ദുരന്തമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും മൂലം ഇന്തിയിലെ ചെറുകിട വ്യാപാര മേഖല പൂർണമായും തകർന്നു. ദശലക്ഷകണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ പുറത്തുവന്ന സാമ്പത്തിക വളർച്ചാ നിരക്ക് തെറ്റാണ്. യാഥാർത്ഥ്യം ഇതിലും പരിതാപകരമാണ്. ബിജെപി പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ച കാര്യങ്ങൾക്കൊക്കെ ഇപ്പോൾ മറുപടി പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും യശ്വന്ത് സിൻപ പറഞ്ഞു.
എനിക്ക് ഇപ്പോൾ സംസാരിക്കേണ്ടതുണ്ട് എന്ന തലക്കെട്ടിൽ ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് യശ്വന്ത് സിൻഹ തന്റെ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ധനകാര്യമന്ത്രി ജയിറ്റ്‌ലിക്കെതിരെ കടുത്ത വിമർശനമാണ് വാജ്‌പേയി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന സിൻഹ നടത്തിയത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ജയിറ്റ്‌ലി പരാജയപ്പെട്ടു. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റിലി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ കുഴപ്പങ്ങൾക്കെതിരെ ഇനിയും ഞാൻ സംസാരിച്ചില്ലെങ്കിൽ തന്റെ രാജ്യത്തോട് ഞാൻ ചെയ്യുന്ന ചുമതലയിൽ താൻ പരാജയപ്പെടും. ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവർത്തകരുടെ വികാരമാണ്  പറയുന്നത്. അവരൊക്കെ ഇക്കാര്യം തുറന്നു പറയാത്തത് ഭയം കൊണ്ടാണെന്നും സിൻഹ വ്യക്തമാക്കി. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോൾ ഉദ്യോഗസ്ഥരുടെ റെയ്ഡ് രാജിനെതിരെ നാം പ്രതിഷേധിച്ചിരുന്നു. ഇന്നത് ഉത്തരവുകളായി മാറിയിരിക്കുന്നു. 
നോട്ട് നിരോധനത്തിന് ശേഷം, ദശലക്ഷ കണക്കിന് ജനങ്ങളുടെ വിധിനർണ്ണയിക്കുന്ന ലക്ഷകണക്കിന് കേസുകളാണ് ആദായ നികുതി വകുപ്പിന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സിബിഐയ്ക്കും അവരുടെ പരിമിതിക്കപ്പുറം കേസുകൾ കൈകാര്യചെയ്യാനുണ്ട്. ജനങ്ങളുടെ മനസ്സിൽ ഭയം നിറക്കുന്നതാണ് ഈ പുതിയ കളിയെന്നും അദ്ദേഹം പറഞ്ഞു. കബളപ്പിക്കലും വീമ്പു പറച്ചിലും തിരഞ്ഞെടുപ്പ് പ്രചരണസമയത്തെ പ്രസംഗത്തിൽ നല്ലതാണ്. എന്നാൽ, യാഥാർത്ഥ്യങ്ങളോട് അടുക്കുമ്പോൾ അവ നീരാവിയാകുമെന്നായിരുന്നു മോദിയുട തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ വാഗ്ദാനങ്ങളെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് സിൻഹ വ്യക്തമാക്കിയത്. ദാരിദ്ര്യം വളരെ അടുത്ത് നിന്ന് കാണാൻ സാധിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നത്. എന്നാൽ, എല്ലാ ഇന്ത്യക്കാരെയും ഈ ദാരിദ്ര്യത്തിലും പട്ടിണിയിലുമാാക്കാൻ വേണ്ടിയാണ് ധനകാര്യമന്ത്രി  അധികസമയം പണിയെടുക്കുന്നതെന്നും യശ്വന്ത് സിൻഹ പറഞ്ഞു.  
സ്വകാര്യ നിക്ഷേപം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഒരിക്കൽ പോലും ഉണ്ടാകാത്ത തരത്തിൽ കുറഞ്ഞു. വ്യാവസായിക ഉത്പാദനം പാടെ തകർന്നു. കാർഷിക മേഖലയും നിർമ്മാണ മേഖലയും വലിയ തൊഴിൽ ദാതാവായ വ്യവസായ മേഖലയും വൻ തകർച്ചയിലാണ്. കയറ്റുമതി കുറഞ്ഞു, സേവന മേഖല മന്ദഗതിയിലായി. വികലമായ രീതിയിൽ ജിഎസ്ടി നടപ്പാക്കുക വഴി ബിസിനസ്സുകാരുടെ വിനാശത്തിന് കാരണമായി. അവയിൽ പലതും താറുമാറായി, ദശലക്ഷകണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിൽ വിപണിയിൽ പുതിയ അവസരങ്ങൾ വരാതെയായെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത പ്രകടമായ സാമ്പത്തിക ദുരന്തത്തിന് കാരണമായെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട് നിരോധനമല്ലെന്ന സർക്കാർ വക്താവ് പറഞ്ഞത് ശരിയാണെന്നും ഇപ്പോഴത്തെ സാമ്പത്തി മാന്ദ്യം വളരെ നേരത്തെ തുടങ്ങിയതാണെന്നും എരിതീയിൽ എണ്ണ ഒഴിക്കുക മാത്രമാണ് നോട്ട് നിരോധനം കൊണ്ട് സംഭവിച്ചതെന്നും സിൻഹ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം കഴിഞ്ഞ ആഴ്ചയിലെ ചില സാങ്കേതിക തകരാറുകളാണെന്ന ബിജെപി പ്രസിഡന്റ് അമിത് ഷായുടെ സിദ്ധാന്തത്തെയും യശ്വന്ത് സിൻഹ തള്ളിക്കളഞ്ഞു.


 

Latest News