പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് വരുന്നു; ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ ജയില്‍

തിരുവനന്തപുരം- അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനം.
ലൈസന്‍സില്ലാതെ പാമ്പു പിടിച്ചാല്‍ മൂന്ന് വര്‍ഷംവരെ ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം പരിഷ്‌കരിക്കും. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം പുറത്തിറക്കാനാണ് തീരുമാനം. അശാസ്ത്രീയമായി പാമ്പു പിടിച്ച് അപകടത്തില്‍പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി. പാമ്പു പിടിത്തക്കാരനായ സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം മൂര്‍ഖന്റെ കടിയേറ്റു മരിച്ചിരുന്നു. സക്കീറിന് നേരത്തേ 12 തവണ കടിയേറ്റിട്ടുണ്ട്. പാമ്പു പിടിത്തക്കാരനായ വാവ സുരേഷും നിരവധി തവണ പാമ്പു കടിയേറ്റ് ആശുപത്രിയിലായിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതും അതിനെ ജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന അശ്രദ്ധയുമാണ് പാമ്പുകടിയിലേക്ക് നയിക്കുന്നത്. ഇതിനെതിരെ പല കോണില്‍നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മാര്‍ഗ നിര്‍ദേശങ്ങളിറങ്ങുന്നതോടെ, അപകടകരമായ വിധത്തില്‍ പാമ്പിനെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാനാകില്ല. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടില്‍ വിടണം.
ജില്ലാ അടിസ്ഥാനത്തില്‍ പാമ്പു പിടിത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നത്. താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് പരിശീലനം നല്‍കി ലൈസന്‍സ് നല്‍കും. സുരക്ഷാ ഉപകരണങ്ങ ളുണ്ടെന്ന് ഉറപ്പാക്കും. ലൈസന്‍സുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്കും പോലീ സിനും ഫയര്‍ഫോഴ്‌സിനും റസി.അസോസിയേഷനുകള്‍ക്കും നല്‍കും. ജീവന് ഭീഷണിയാകുന്ന തരത്തില്‍ പാമ്പിനെ കണ്ടാല്‍ ഇവരുടെ സേവനം തേടാം. നിയമമനുസരിച്ച്, പാമ്പിനെ പിടികൂടി പ്രദര്‍ശിപ്പിക്കാനോ സൂക്ഷിക്കാനോ ആര്‍ക്കും അധികാരമില്ല. ജീവന് ഭീഷണിയാണെങ്കില്‍ അധികൃതരെ വിവരമറിയിച്ച ശേഷം പിടികൂടി കാട്ടില്‍ വിടണം. പാമ്പിനെ പിടികൂടി പ്രദര്‍ശിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇതുവരെ കണ്ണടയ്ക്കുകയായിരുന്നു.

 

Latest News