അസാധു നോട്ട് മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് ഇനി അവസരമില്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി- നിരോധിച്ച 1000, 500 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധു നോട്ട് മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയിരുന്നില്ല. 

ഇന്ത്യന്‍ വംശജരുടെ പക്കല്‍ ഏകദേശം 7,500 കോടിയോളം രൂപയുടെ അസാധു നോട്ടുകളുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇനി ആര്‍ക്കും ഇതു മാറ്റി നല്‍കാന്‍ അവസരമില്ലെന്ന് മന്ത്രി അറിയിച്ചു.  ന്യൂയോര്‍ക്കില്‍ പ്രവാസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡില്ലാത്തത് കൊണ്ട് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പ്രശ്‌നമില്ല. എന്‍ ആര്‍ ഐ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്നും മന്ത്രി അറിയിച്ചു. ഗള്‍ഫ് നാടുകളിലെ സ്വദേശിവല്‍ക്കരണം മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ വിവിധ മന്ത്രാലയങ്ങളുടെ സഹായങ്ങള്‍ ലഭ്യമാണെന്നും സുഷമ പറഞ്ഞു. 

Latest News