ടുലിപ് പൂക്കളുടെ നാട്ടിലേക്ക്

ജിദ്ദാ നഗരത്തിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന എനിക്ക് അപ്രതീക്ഷിതമായാണ്  ടൂർ കമ്പനി ആയ ഹെസം ടൂർസിന്റെ തുർക്കി സന്ദർശനത്തിനുള്ള ക്ഷണം കിട്ടിയത്. എന്നെ കൂടാതെ സഹ പ്രവർത്തകരായ മലയാളിയായ സുമേഷും ഈജിപ്തുകാരായ ഒമർ,  ഒസാമ എന്നിവരുമുണ്ടായിരുന്നു.
പ്രകൃതിഭംഗി,  ചരിത്രം,  സംസ്‌കാരം ഇവ  എല്ലാം കൊണ്ടും സമ്പന്നമായ ലോകത്തെ അപൂർവം രാജ്യങ്ങളിൽ ഒന്നാണ് തുർക്കി. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട രാജ്യങ്ങളിൽ ഒന്നായ ഇവിടേക്ക് ഇന്ത്യക്കാർക്ക് അവരുടെ എംബസി വഴി വിസക്ക് അപേക്ഷിക്കാം. വിസ, താമസം, ഫ്‌ളൈറ്റ് എല്ലാം ഉൾപ്പെടെ  സൗദിയിൽ നിന്ന് പല ടൂർ കമ്പനികളും മിതമായ നിരക്കിൽ യാത്രക്ക് സൗകര്യമൊരുക്കുന്നുണ്ട്. സീസൺ അല്ലാത്ത സമയത്തു ചുരുങ്ങിയ ചെലവിൽ സൗദിയിൽ നിന്ന് പോയി ഒരുപാട് കാഴ്ചകൾ കാണാൻ പറ്റിയ രാജ്യം കൂടി ആണ് തുർക്കി.


അർധരാത്രി ജിദ്ദ നഗരത്തിൽ നിന്ന് പുറപ്പെട്ട വിമാനം നേരം പുലരുന്നതിനു മുമ്പ് തന്നെ ചരിത്ര നഗരമായ ഇസ്താംബുൾ വിമാനത്താവളത്തിലിറങ്ങി. നഗരത്തിൽ രണ്ടു പ്രധാന വിമാനത്താവളങ്ങളാണ്. അത്താതുർക് എന്നും സബീഹാ എന്നും ആണ് പേർ. ഞങ്ങൾ ഇറങ്ങിയത് നഗരത്തിനു പുറത്തുള്ള സാബിഹായിലാണ്. ഇമിഗ്രേഷൻ നടപടികളൊക്കെ കഴിഞ്ഞു പുറത്തു വന്നപ്പോൾ ഹെസം ടൂറിന്റെ വണ്ടിയുമായി ഡ്രൈവർ നിൽപുണ്ടായിരുന്നു. നേരം പുലർന്നു തുടങ്ങിയിരിക്കുന്നുവെങ്കിലും തണുപ്പിന്റെ പിടിയിൽ  അകപ്പെട്ട നഗരം ഉണർന്നു വരുന്നതേയുള്ളൂ.
നഗരത്തിനു പുറത്തുള്ള സാബിഹായിൽ ഇറങ്ങിയ കാരണം ഞങ്ങൾക്ക്  നഗരത്തിലെത്താൻ ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്യണം. നേരം വെളുത്തു തുടങ്ങിയതുകൊണ്ട് മഞ്ഞിൽ പൊതിഞ്ഞു പച്ച പരവതാനി വിരിച്ച പോലെ നിൽക്കുന്ന തുർക്കിഷ് ഗ്രാമങ്ങളുടെ ഭംഗി ആസ്വദിക്കാൻ ഡ്രൈവറുടെ തൊട്ടടുത്തു ഇരിക്കുന്ന എനിക്ക് കഴിഞ്ഞു.  വളരെ വൃത്തിയുള്ള പാതകളും കണ്ണിനു കുളിരണിയിക്കുന്ന വീടുകളും കണ്ട് പച്ച നിറത്തിലുള്ള ഗ്രാമങ്ങളും താണ്ടി ചരിത്ര നഗരമായ ഇസ്താൻബുളിലേക്ക്  പ്രവേശിക്കാനായി. അവിടെ ബോസ്‌ഫോറസ് കടലിടുക്കിനു അടുത്തായാണ് ഞങ്ങൾക്ക് താമസം ഒരുക്കിയ ഗ്രാൻഡ് ഹയാത് ഇസ്താംബുൾ ഹോട്ടൽ.


പെട്ടെന്ന് തന്നെ നഗരത്തിന്റെ തിരക്കിലേക്ക് പ്രവേശിച്ച ഞങ്ങൾക്ക്  കാണുന്നതെല്ലാം അത്ഭുതം തന്നെയായിരുന്നു. ഇസ്‌ലാമിക പേർഷ്യൻ വാസ്തു ശിൽപങ്ങളുടെ ഭംഗിയോടു കൂടിയ പള്ളികളും കൊട്ടാരങ്ങളുമുള്ള ഈ വൻ നഗരം യൂറോപ്യൻ വാസ്തു ശിൽപങ്ങളുടെയും ഒരു സമന്വയമാണ്. ഏകദേശം 2000 ത്തിലധികം പള്ളികൾ ഉണ്ട് ഈ നഗരത്തിൽ. എങ്കിലും മുസ്‌ലിം  ഭൂരിപക്ഷ രാജ്യത്തിന്റെ  ഒരു ലക്ഷണവുമില്ല. ഇതിനിടയിൽ ഞങ്ങൾ ഒരു നീണ്ട പാലത്തിനരികിൽ എത്തി. ഒരു സപ്പോർട്ടും താഴേക്കില്ലാതെ കിലോമീറ്റർ കണക്കിന് ദൂരം നീളമുള്ള പാലം. മാർമാരാ കടലിനെയും കരിങ്കടലിനെയും ബന്ധിപ്പിക്കുന്ന ബോസ്‌ഫോറസ് കടലിടുക്കിനു കുറുകെയുള്ള ഈ ചരിത്ര പ്രധാനമായ പാലം ഭൂഖണ്ഡങ്ങളായ യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പാലമാണ്. ഇതിൽ നിന്ന് മനസ്സിലാക്കണം ഈ യൂറേഷ്യൻ നഗരത്തിന്റെ പ്രാധാന്യം. നാട്ടിൽ സംസ്ഥാന അതിർത്തികൾ പിന്നിടുമ്പോൾ തന്നെ ആശ്ചര്യം തോന്നാറുള്ള എനിക്ക് രാജ്യങ്ങളെ അല്ല രണ്ടു ഭൂഖണ്ഡങ്ങളെ എങ്ങനെ വേർതിരിക്കുമെന്നത് കൗതുകമായി. എന്റെ നാടായ മലപ്പുറം ജില്ലയിലെ പട്ടിക്കാട്ട്  നിന്ന് ബന്ദിപ്പൂർ വരെ ഇടക്ക്  മുങ്ങുന്നത് കാടു കാണാൻ വേണ്ടി മാത്രമല്ല, മൂന്നു സ്‌റ്റേറ്റുകളുടെ മാറ്റം കാണാൻ കൂടിയായിരുന്നു. 


പാലം മുറിച്ചു കടന്നു യൂറോപ്പ് ഭാഗത്താണ് ഞങ്ങളുടെ താമസം. പെട്ടെന്ന് ഹോട്ടലിലെ മുറിയിലെത്തി നഗര കാഴ്ചകൾ കാണാൻ എനിക്ക് തിടുക്കം കൂടി. ബാഗ് മുറിയിൽ വെച്ച് ഉടനെ ഞാനും സുമേഷും നഗരം കാണാനിറങ്ങി. ബോസ്‌ഫോർ കടലിടുക്കിന്റെ തീരമായതുകൊണ്ട് തന്നെ എല്ലാ ആഡംബര ഹോട്ടലുകളും സ്ഥാനം പിടിച്ചിരിക്കുന്നു. ചരിത്ര പ്രസിദ്ധമായ തുർക്കിഷ് ചത്വരമായ തക്‌സിം ചത്വരത്തിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ.  അതിനടുത്താണ് ചരിത്ര പ്രസിദ്ധമായ ഇസ്തിക്‌ലാൽ സ്ട്രീറ്റ് എന്നതു കൊണ്ട് കൂടിയാണ്  എല്ലാ ഹോട്ടലുകളും ഈ ഭാഗത്തു കേന്ദ്രീകരിച്ചത്. ഒരുപാട് ദൂരം വൃത്തിയുള്ള നഗരത്തിന്റെ കാഴ്ചകൾ കണ്ടു നടന്നു.


 ടുലിപ് പുഷ്പങ്ങളുടെ നാടാണ് തുർക്കി. പാതയോരങ്ങളിലും റൗണ്ട് എബൗട്ടുകളും പല നിറത്തിലുമുള്ള ടുലിപ് പുഷ്പങ്ങൾ കീഴടക്കിയിരിക്കുന്നു. 
സുന്ദരമായ ഈ നഗരത്തെ  ഇത്ര  മനോഹരമാക്കി മാറ്റുന്നതും ഈ പൂക്കളാണ്. നടക്കുമ്പോഴൊക്കയും കാണുന്ന കാഴ്ചകൾ ഗ്രീക്ക്, റോമൻ, ലാറ്റിൻ, അറബ്, പേർഷ്യൻ നിർമിതികൾ. അതൊക്കെയാവാം  യൂറോപ്പിന്റെ സാംസ്‌കാരിക നഗരവും ഏറ്റവും വലിയ നഗരവും ആവാൻ ഇസ്താംബുളിനെ സഹായിച്ചു കാണുക. കുറച്ചു നേരം നടന്നു കാഴ്ചകൾ കണ്ട ഞങ്ങൾ പിന്നീട് ഉച്ച ഭക്ഷണത്തിനു ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിക്കണ്ടു. രാത്രി ഞങ്ങൾക്കു ഹെസം ടൂർസിന്റെ പ്രത്യേക തുർക്കിഷ് ഭക്ഷണവും ഉണ്ടായിരുന്നു. ഇടക്കിടെ  ജിദ്ദയിലെ ടർക്കിഷ് റസ്‌റ്റോറന്റ് ആയ ഫൈറൂസിൽ പോകാറുണ്ടായിരുന്ന ഞാൻ ആ വിഭവം മുമ്പ് പരീക്ഷിച്ചിട്ടുണ്ട്.


രാത്രിയിൽ ഒരുപാട് ആലോചിച്ചു.  അപ്പോൾ എന്റെ മനസ്സ് ഈ നഗരത്തെ  കൊണ്ടുപോയത് സ്‌കൂളിൽ നമ്മൾ പഠിച്ച ആ പഴയ കോൺസ്റ്റാന്റിനേപ്പിൾ നഗരത്തിലേക്കാണ്. ഇസ്താംബുൾ നഗരത്തിന്റെ പഴയ പേരാണത്. റോമാ സാമ്രാജ്യവും ലാറ്റിൻ സാമ്രാജ്യവും കിഴക്കൻ റോമാ (ബൈസന്റൈൻ), ഓട്ടോമൻ സാമ്രാജ്യവും എല്ലാം അടക്കിവാണിരുന്ന കാലഘട്ടത്തിലെ തലസ്ഥാനമായിരുന്നു ഈ നഗരം. ബൈസന്റൈൻ എന്നും കോൺസ്റ്റാന്റിനേപ്പിൾ എന്നും അറിയപ്പെട്ടിരുന്ന യൂറോപ്പിലെ ഏറ്റവും വലിയ നഗരത്തിനു പിന്നീട് ആണ് ഇസ്താംബുൾ എന്ന് പേര് വന്നത്. ഗ്രീക്ക്, റോമൻ, ലാറ്റിൻ കാലങ്ങൾ മാറിമറഞ്ഞ ഈ ചരിത്ര നഗരം പിന്നീട് ഇസ്താംബുൾ ആകുന്നത് 1453 ൽ ഓട്ടോമൻ രാജാവായ സുൽത്താൻ അഹമ്മദ് രണ്ടാമൻ ഇവിടം കീഴടക്കുകയും ഇസ്‌ലാമിക സംസ്‌കാരത്തിന് പ്രാധാന്യം നൽകുകയും ചെയ്തതോടു കൂടിയാണ്. ഒരുപാട് പള്ളികളും മതസ്ഥാപനങ്ങളും ആ സമയത്തു നിർമാണം നടന്നു. 470 വർഷത്തോളം നീണ്ടു ഓട്ടോമൻ ഭരണം. അങ്ങനെ ഓരോ കാര്യങ്ങൾ ഓർത്തു അവസാനം കിടന്നുറങ്ങി.


പിറ്റേന്നു രാവിലെ ബ്രേക്ഫാസ്റ്റിനു ശേഷം എല്ലാ പ്രസിദ്ധമായ ഹോട്ടലുകളും സന്ദർശിച്ചു. ബോസ്‌ഫോർ തീരത്തുള്ള പഴയ കൊട്ടാരമായ കെംപെൻസ്‌കി കണ്ടു. ഒരുപാട് ഹോട്ടൽ സന്ദർശിച്ച ആ ദിവസം നഗര കാഴ്ചകൾ അധികം കണ്ടില്ല. പിറ്റേ ദിവസം രാവിലെ ബോസ്‌ഫോർ ഉൾക്കടലിൽ കപ്പൽ യാത്ര നടത്തി. സത്യത്തിൽ നഗരത്തിന്റെ വശ്യത ശരിക്കും മനസ്സിലാകുന്നത് ഈ കപ്പൽ യാത്രയിലാണ്. കുറച്ചു താഴ്ചയിൽ നൽകുന്ന കടലിടുക്കിന്റെ ഭാഗത്തുനിന്ന് ഉയരത്തിൽ നിൽക്കുന്ന കെട്ടിടങ്ങളോട് കൂടിയ നഗരം അതീവ സുന്ദരമാണ്. കപ്പൽ യാത്രക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ഹഗിയ സോഫിയയും  സുൽത്താൻ അഹമ്മദ് പള്ളിയും കണ്ടു. ഒരു കാലത്തു ക്രിസ്ത്യൻ പുരോഹിതർ  നിർമിച്ച ഹാഗിയ സോഫിയ ഏറ്റവും വലിയ ഗ്രീക്ക് കത്തീഡ്രൽ ആയിരുന്നു. പിന്നീട് ഓട്ടോമൻ ഭരണ കാലത്തു ഇത് ഇംപീരിയൽ മോസ്‌ക് ആയി നാമകരണം ചെയ്യപ്പെട്ടു. ഗ്രീക്ക്, ലാറ്റിൻ, തുർക്കിഷ്, ബൈസന്റൈൻ, അറബിക് എല്ലാം ഉൾപ്പെടുന്ന വാസ്തു കലകളുടെ സമന്വയമാണ് ഇവിടം. ഈ മഹാ നിർമിതി ഇപ്പോൾ തുർക്കിയിലെ പ്രധാന മ്യൂസിയം ആണ്.               (തുടരും) 

Latest News