Sorry, you need to enable JavaScript to visit this website.

ദിലിപീനെ സന്ദർശിക്കാൻ നിയന്ത്രണം; ആലുവ ജയിൽ സൂപ്രണ്ടിന്  മനുഷ്യാവകാശകമ്മീഷന്റെ നോട്ടീസ്

തൃശൂർ - നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന  പരാതിയിൽ ആലുവ സബ് ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് ഹാജരാക്കാൻ  മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ സലീം ഇന്ത്യയാണ് പരാതി സമർപ്പിച്ചത്. നേരത്തെ ദിലീപിനെതിരായ അന്വേഷണം അനന്തമായി നീളുകയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും കാട്ടി സലീം ഇന്ത്യ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആലുവ റൂറൽ എസ്.പി.യോട് വിശദീകരണം തേടിയിരുന്നു. റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ റൂറൽ എസ്.പി.യ്ക്ക്  ഒരു തവണ കൂടി നോട്ടീസ് അയ്ക്കാനും തീരുമാനിച്ചു  കേസിലെ കോടതി നടപടികൾ സംബന്ധിച്ച് പരാതിക്കാരനുളള ആക്ഷേപങ്ങൾക്ക് അതാത് കോടതികളിൽ പരിഹാരം തേടണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. തൃശൂരിൽ ചേർന്ന സിറ്റിംഗിലാണ് കമ്മീഷന്റെ ഉത്തരവ്. 
    ജയിൽ കസ്റ്റഡി മരണങ്ങൾ സംബന്ധിച്ച് അതാത് ജയിൽ സൂപ്രണ്ടുമാരിൽ നിന്നും കമ്മീഷൻ വിശദീകരണം തേടി. വിയ്യൂർ സെൻട്രൽ ജയിൽ, വിയ്യൂർ വനിതാ ജയിൽ, എറണാകുളം സബ് ജയിൽ എന്നിവിടങ്ങളിലാണ് തടവുകാർ മരിച്ചത്. പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂർ സ്വദേശി വിനായകന്റെ ആത്മഹത്യ സംബന്ധിച്ചും പോലീസുകാർക്കെതിരെയെടുത്ത നടപടി സംബന്ധിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ റേഞ്ച് ഐ.ജി യോട്  കമ്മീഷൻ നിർദ്ദേശിച്ചു. നേരത്തെ സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും ജില്ലാ കലക്ടറിൽ നിന്നും കമ്മീഷൻ വിശദീകരണം തേടിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ ഉത്തരവ്. 
    ക്ഷേത്രദർശനത്തിനിടെ ദേവസ്വം ജീവനക്കാരന്റെ മർദ്ദനത്തിനിരായ ഭക്ത കുഞ്ഞുലക്ഷ്മിയമ്മയ്ക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേവലായങ്ങളുടെ അന്തരീക്ഷത്തിന് അനുയോജ്യമായവിധം ജീവനക്കാരുടെ പെരുമാറ്റം ഉറപ്പുവരുത്താൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
    ഫ്രീസറിലല്ലാതെ മൃതദേഹം സൂക്ഷിച്ചതിനാൽ അഴുകി പോയി എന്ന ഒളരി സ്വദേശിയുടെ പരാതിയിൽ ഒളരിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്നും കമ്മീഷൻ വിശദീകരണം തേടി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന അഥവാ പി.എം.ജി.എസ്.വൈയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാർക്കും ടെക്‌നിക്കൽ ജീവനക്കാർക്കും  വേതനം പുതുക്കി നൽകിയില്ല എന്ന പരാതിയിൽ ഗ്രാമവികസന കമ്മീഷണർ, കമ്മീഷന് റിപ്പോർട്ട് നൽകി. സർക്കാർ നിർദ്ദേശമനുസരിച്ച് കരാർ വേതനം പുതുക്കി നൽകാമെന്ന് കമ്മീഷണർ അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിൽ 16 പുതിയ പരാതികളടക്കം 76 പരാതികൾ പരിഗണിച്ചു. 17 ഏണ്ണം തീർപ്പാക്കി.


 

Latest News