കൊച്ചി- പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പി.എസ്.സി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. മതേതരത്വം തകര്‍ക്കുന്ന രീതിയില്‍ പി.എസ്.സി പ്രവര്‍ത്തിച്ചിട്ടില്ലെന്നും തെറ്റ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് നല്‍കിയ ഹരജി ഈ മാസം 19ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസിൽ പരാതി നല്‍കിയെങ്കിലും പോലീസ് നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടാക്കാട്ടിയാണ് ഫ്രറ്റേണിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെ ബുള്ളറ്റിന്‍റെ ചുമതലയിൽ നിന്നൊഴിവാക്കി നടപടി എടുത്തിരുന്നുവെങ്കിലും ദിവസങ്ങൾക്കകം അവരെ ബുള്ളറ്റിന്‍റെ പ്രസിദ്ധീകരണ ചുമതലയിൽ നിലനിര്‍ത്താനും വകുപ്പ് തല നടപടികൾ റദ്ദാക്കാനും പി.എസ്.സി തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കോവിഡ് ബാധയേല്‍ക്കാന്‍ കാരണമായ തബ്‍ലീഗ് മതസമ്മേളനം നടന്നത് എവിടെയാണെന്ന പി.എസ്.സി ബുള്ളറ്റിനിലെ ചോദ്യമാണ് വിവാദമായത്.