ബീജിങ്- യാത്രക്കാരി വിമാനത്തിന്റെ ജനല്‍ തകര്‍ത്തതിനെ തുടര്‍ന്ന് ചൈനയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ചൈനയിലെ ലൂംഗ് എയര്‍ലൈന്‍സിലാണ് സംഭവം. യാത്രക്കിടെ ലഹരി ഉപയോഗിച്ച് ബോധം കെട്ട സ്ത്രീയായ യാത്രക്കാരിയാണ് വിമാനത്തിന്റെ ജനല്‍ തകര്‍ത്തത്. യുവതി തന്റെ ബന്ധം തകര്‍ന്നതില്‍ വലിയ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന 29കാരിയാണ് ലഹരി ഉപയോഗിച്ച് ബോധമില്ലാതെ അതിക്രമം കാണിച്ചത്.
വെയ്‌ബോ പോലുള്ള ചൈനീസ് സോഷ്യല്‍മീഡിയകളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.മിസ് ലീ തന്റെ സീറ്റില്‍ കരയുന്നതും ഗ്ലാസ് വിന്‍ഡോയില്‍ അടിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ക്രൂ അംഗങ്ങളും മറ്റ് യാത്രികരും അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനിടെ ആദ്യത്തെ പാളി അവര്‍ കുത്തിപ്പൊളിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് യാഞ്ചെങ്ങിലേക്കുള്ള യാത്ര മാറ്റിവെച്ച് ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷുവില്‍ ഇറക്കി. യുവതി ചൈനീസ് മദ്യമായ 'ബൈജൂ' അരലിറ്റര്‍ അകത്താക്കിയ ശേഷമാണ് ഈ അതിക്രമമൊക്കെ ചെയ്തതെന്ന് ഷെങ്ഷൂ പോലിസ് അറിയിച്ചു. യുവതിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിഴശിക്ഷ ചുമത്തുമെന്നാണ് വിവരം.