Sorry, you need to enable JavaScript to visit this website.

കോവിഡ് ആശങ്കകൾക്കിടയിൽ  മലപ്പുറം ജില്ലക്ക് ഇന്ന് പിറന്നാൾ


മലപ്പുറം-കോവിഡ് മഹാമാരി തീർത്ത ആശങ്കകൾക്കിടയിൽ മലപ്പുറം ജില്ലക്ക് ഇന്ന് പിറന്നാൾ. പിറവിയുടെ അര നൂറ്റാണ്ട് പിന്നിട്ട് അമ്പത്തിയൊന്നാം വർഷത്തിലേക്കാണ് ജില്ല ഇന്ന് കാലെടുത്തു വെക്കുന്നത്. പഴയ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് 1969 ജൂൺ 16 നാണ് മലപ്പുറം ജില്ല നിലവിൽ വന്നത്.
പ്രളയങ്ങളും കോവിഡ് മഹാമാരിയുമുൾപ്പെടെ ദുരിതങ്ങളുടെ കാലങ്ങളിലൂടെയാണ് ജില്ല പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുന്നത്. കഴിഞ്ഞ വർഷം പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങളുടെ കണ്ണീർ ഇനിയുമുണങ്ങിയിട്ടില്ല. പ്രകൃതി തകർത്തെറിഞ്ഞ കവളപ്പാറ ഗ്രാമം ജില്ലയുടെ ചരിത്രത്തിലെ നോവുന്ന അടയാളമാണ്. പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ല. 


കോവിഡ് മഹാമാരിയിൽ പേടിച്ചരണ്ട് നിൽക്കുകയാണ് ജില്ലയിലെ ജനങ്ങൾ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. ഇരുന്നൂറിലേറെ പേരാണ് ചികിൽസയിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13,000 ത്തിലേറെയാണ്. ജില്ലയിലെ പല പ്രദേശങ്ങളും കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്.
പത്തു വർഷം മുമ്പത്തെ കണക്കനുസരിച്ച് നാൽപത് ലക്ഷത്തിന് മുകളിൽ ജനങ്ങളുള്ള മലപ്പുറം സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ പദ്ധതികൾ പലതും പാതിവഴിയിലാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ വികസനം കൈവരിക്കാൻ ജില്ലക്ക് കഴിഞ്ഞു. മെച്ചപ്പെട്ട റോഡുകളുള്ള ജില്ലയാണ്. എന്നാൽ റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ല പതിറ്റാണ്ടുകളായി നേരിടുന്ന പിന്നോക്കാവസ്ഥക്ക് പരിഹാരമില്ല. ജില്ലയുടെ പടിഞ്ഞാറെ അറ്റത്തു കൂടി കടന്നു പോകുന്ന റെയിൽ പാതയുടെ പ്രയോജനം ജില്ലയിലെ മഹാഭൂരിഭാഗം ജനങ്ങൾക്കും ലഭിക്കുന്നില്ല. കിഴക്കൻ മലയോര മേഖലക്ക് ഗുണകരമാകുന്ന നിലമ്പൂർ-മൈസൂർ റെയിൽ പാത, ജില്ലാ ആസ്ഥാനത്തെ ബന്ധിപ്പിച്ച് കടന്നു പോകുന്ന അങ്ങാടിപ്പുറം-ഫറോക്ക് പാത, താനൂർ-ഗുരുവായൂർ പാത തുടങ്ങി ജില്ലക്ക് വേണ്ടി ഒട്ടേറെ റെയിൽ പദ്ധതികൾ മുൻകാലങ്ങളിൽ ചർച്ചയിലുണ്ടായിരുന്നെങ്കിലും അതെല്ലാം ഇന്ന് യാഥാർഥ്യത്തിൽ നിന്ന് അകലെയാണ്.


പ്രവാസികളുടെ ജില്ലയെന്നറിയപ്പെടാറുള്ള മലപ്പുറത്തിന് കോവിഡാനന്തര കാലത്തെ പ്രവാസികളുടെ ഭാവി ഏറെ ആശങ്കയുയർത്തുന്നതാണ്. ഗൾഫിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസം ജില്ലയിൽ വലിയ വെല്ലുവിളിയാണ് ഉയർത്താനിരിക്കുന്നത്. 
പാരിസ്ഥിതികമായ വെല്ലുവിളികൾ, ദളിത്-ആദിവാസി വിഭാഗങ്ങളുടെ ദുരിതങ്ങൾ, വേനലിൽ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമം തുടങ്ങിയവ ജില്ലയിലെ അടിസ്ഥാന വർഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളാണ്. കോവിഡ് ആകുലതകൾക്കിടയിൽ ഇത്തരം പ്രശ്‌നങ്ങൾ പാർശ്വവൽക്കരിക്കപ്പെടുമ്പോൾ മഹാമാരിയുടെ ആഘാതം നിർധന ജനവിഭാഗങ്ങൾക്ക് മേൽ കൂടുതൽ ശക്തമായി പതിക്കാനിരിക്കുകയാണ്.


മുസ്‌ലിം ഭൂരിപക്ഷ ജില്ല എന്ന നിലയിൽ സംഘടിതമായ ചില ആക്രമണങ്ങളുടെ കൂടി മുൾമുനയിലാണ് മലപ്പുറം ജില്ല ഇന്ന് നിൽക്കുന്നത്. ഒരു മതവിഭാഗത്തെ ആക്രമിക്കുന്നതിന് ഒരു ജില്ലയെ കരുവാക്കുന്ന വർഗീയ ലാക്കോടെയുള്ള ആക്രമണങ്ങളാണ് പല കോണുകളിൽ നിന്നുമുയരുന്നത്. മലപ്പുറം മുസ്‌ലിംകളുടേത് മാത്രമല്ല, എല്ലാ മതവിഭാഗങ്ങളേടുമാണെന്നും മതസൗഹാർദത്തിന്റെ വിളനിലമാണിതെന്നുമുള്ള യാഥാർഥ്യം സൗകര്യപൂർവം മറക്കപ്പെടുന്നു. വികസനത്തിനു വേണ്ടിയുള്ള മുറവിളിക്കൊപ്പം മതസൗഹാർദം നിലനിർത്തുന്നതിനും അത് തകർക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കുന്നതിനുമുള്ള സമരം കൂടിയാണ് പുതിയ വർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ മലപ്പുറത്തുകാരുടെ മുന്നിലുള്ളത്. 

 

Latest News