കോട്ടയം - സമ്പർക്കം വഴി രോഗം പകർന്ന ഗൾഫ് മലയാളിയുടെ മാതാപിതാക്കൾക്കും സൗദിയിൽ നിന്നെത്തിയ ഗർഭിണി ഉൾപ്പടെ പത്തു പേർക്ക്് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ മാർച്ച് ആദ്യ വാരം കോട്ടയത്ത് റിപ്പോർട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് ഇത്രയും പേർക്കു ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. ഇതിൽ അഞ്ചു പേർ ഗൾഫിൽ നിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. കുവൈത്തിൽ നിന്നെത്തി രോഗത്തെ തുടർന്ന് ആശുപത്രിയിലായ യുവാവിന്റെ മാതാപിതാക്കൾക്ക് രോഗം റിപ്പോർട്ട് ചെയ്തു. മുണ്ടക്കയം കോരുത്തോട് സ്വദേശികളാണ് ഇവർ. രോഗ ലക്ഷണമില്ലാത്തവർക്കും രോഗം സ്ഥിരീകരിച്ചു എന്നതാണ് പ്രത്യേകത. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ 56 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 30 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 24 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ സൗദി അറേബ്യയിൽനിന്നും ജൂൺ എട്ടിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ഗർഭിണിയായ ആർപ്പൂക്കര സ്വദേശിനി(28)യ്ക്ക് രോഗ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് പരിശോധന നടത്തിയത്. മുംബൈയിൽനിന്നും ജൂൺ എട്ടിന് ട്രെയിനിൽ എത്തിയ പാമ്പാടി സ്വദേശി(40). പാമ്പാടിയിലെ കോവിഡ് കെയർ സെന്ററിൽ കഴിയുമ്പോൾ രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് വിധേയനായത്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നവർക്കും രോഗം സ്ഥിരീകരിച്ചു.മുംബൈയിൽ നിന്നു തന്നെ ജൂൺ നാലിന് ട്രെയിനിൽ എത്തി കങ്ങഴയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ താമസിച്ചിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(48) അബുദാബിയിൽനിന്നും ജൂൺ നാലിന് എത്തി കോട്ടയത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(24).അബുദാബിയിൽനിന്നും ജൂൺ ആറിന് എത്തി കോട്ടയത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാലം സ്വദേശി(55). മസ്‌കത്തിൽനിന്നും ജൂൺ അഞ്ചിന് എത്തി തെള്ളകത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കറുകച്ചാൽ ശാന്തിപുരം സ്വദേശി(45). ദുബായിൽനിന്നും ജൂൺ നാലിന് എത്തി തെള്ളകത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ താമസിച്ചിരുന്ന ചങ്ങനാശേരി സ്വദേശി(24) എന്നിവർക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു.
ജൂൺ ഏഴിന് തൂത്തുക്കുടിയിൽനിന്നും കാറിൽ എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി(23). ഗർഭിണിയായ ഇവർക്ക് പനിയും ചുമയും ബാധിച്ചതിനെത്തുടർന്ന് സാമ്പിൾ ശേഖരിക്കുകയായിരുന്നു. കുവൈത്തിൽ നിന്നെത്തിയ കോരുത്തോട് സ്വദേശിയായ യുവാവിന്റെ പിതാവിനെ (61).പനി ബാധിച്ചതിനെത്തുടർന്നാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാൽ യുവാവിന്റെ മാതാവിന് (55) രോഗ ലക്ഷണം ഒന്നും ഉണ്ടായിരുന്നില്ല.