Sorry, you need to enable JavaScript to visit this website.

സൗദിയിൽ സിഗരറ്റ് ക്ഷാമം 

റിയാദ് - സൗദിയിലെ വിവിധ പ്രവിശ്യകളിൽ സിഗരറ്റ് ക്ഷാമം പ്രത്യക്ഷപ്പെടാൻ തുടങ്ങി. അടുത്ത മാസം ഒന്നാം തീയതി മുതൽ മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിൽ നിന്ന് പതിനഞ്ചു ശമതാനമായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ചില മാഫിയകൾ വൻതോതിൽ സിഗരറ്റുകൾ വാങ്ങി പൂഴ്ത്തിവെക്കുകയാണ്. വിവിധ രാജ്യക്കാരായ മാഫിയകൾ സിഗരറ്റ് പൂഴ്ത്തിവെപ്പിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. മൂല്യവർധിത നികുതി വർധന പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ ലാഭം നേടാമെന്ന കണക്കുകൂട്ടലിലാണ് ഇവർ സിഗരറ്റുകൾ പൂഴ്ത്തിവെക്കുന്നത്. സിഗരറ്റ് ഏജൻസികളിൽ നിന്നും മൊത്ത വിതരണക്കാരിൽ നിന്നും സ്റ്റോക്ക് എത്തിയിട്ടില്ല എന്നാണ് സിഗരറ്റ് ക്ഷാമത്തിന് കാരണമായി ചില്ലറ വ്യാപാര കേന്ദ്രങ്ങൾ വാദിക്കുന്നത്. 


അതേസമയം, മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട ഇടക്കാല നിയമം ജൂൺ 11 മുതൽ നിലവിൽ വന്നതായി സക്കാത്ത്, നികുതി അതോറിറ്റി പറഞ്ഞു. പുതിയ മൂല്യവർധിത നികുതി നടപ്പാക്കുന്നതിനു മുന്നോടിയായ ഇടക്കാല നിയമം ഈ മാസാവസാനം വരെ പ്രാബല്യത്തിലുണ്ടാകും. ജൂൺ മുപ്പതിനു മുമ്പു വാങ്ങി ജൂലൈ ഒന്നിനു മുമ്പ് ചരക്കുകൾ കൈപ്പറ്റുന്നവർ അഞ്ചു ശതമാനം മാത്രം മൂല്യവർധിത നികുതി നൽകിയാൽ മതിയാകും. മെയ് 11 മുമ്പ് ഒപ്പുവെച്ച കരാറുകൾ പ്രകാരം ജൂലൈ ഒന്നിനു ശേഷം വിതരണം ചെയ്യുന്ന ഉൽപന്നങ്ങൾക്കും അഞ്ചു ശതമാനം മൂല്യവർധിത നികുതിയായിരിക്കും ബാധകം. മെയ് 11 മുതൽ ജൂൺ 30 വരെയുള്ള കാലത്ത് കരാറുകൾ ഒപ്പുവെച്ച് ജൂൺ 30 അവസാനിക്കുന്നതിനു മുമ്പായി വിതരണം ചെയ്യുന്ന ഉൽപന്നങ്ങൾക്കും അഞ്ചു ശതമാനം നികുതി മാത്രം നൽകിയാൽ മതി. എന്നാൽ മെയ് 11 മുതൽ ജൂൺ 30 വരെയുള്ള കാലത്ത് കരാർ ഒപ്പുവെച്ചും വാങ്ങിയും ജൂലൈ ഒന്നു മുതൽ വിതരണം ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 15 ശതമാനം വാറ്റ് ബാധകമായിരിക്കുമെന്ന് സക്കാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി.


കൊറോണ പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ തരണം ചെയ്യാൻ ചെലവുകൾ വെട്ടിക്കുറക്കാനും മൂല്യവർധിത നികുതി ഉയർത്താനുമുള്ള തീരുമാനം മെയ് 11 നാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. നിലവിൽ അഞ്ചു ശതമാനം വാറ്റ് ആണ് സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും നിലവിലുള്ളത്. ഉയർന്ന ജീവിതച്ചെലവ് നേരിടുന്നതിന് സർക്കാർ ജീവനക്കാർക്ക് വിതരണം ചെയ്യുന്ന പ്രത്യേക അലവൻസ് ഈ മാസം മുതൽ നിർത്തിവെക്കും. ഏതാനും സർക്കാർ വകുപ്പുകളുടെ പ്രവർത്തന, മൂലധന ചെലവുകൾ നീട്ടിവെച്ചിട്ടുമുണ്ട്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ചില പ്രധാന പദ്ധതികൾക്കും മറ്റു ചില വൻകിട പദ്ധതികൾക്കും ഈ വർഷത്തെ ബജറ്റിൽ അനുവദിച്ച പണം വെട്ടിക്കുറച്ചിട്ടുമുണ്ട്. ആകെ പതിനായിരം കോടി റിയാലിന്റെ നടപടികളാണ് അംഗീകരിച്ചിരിക്കുന്നതെന്ന് ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തിയിട്ടുണ്ട്. 


മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഏജൻസികളിലും സേവനമനുഷ്ഠിക്കുന്ന, സിവിൽ സർവീസ് നിയമം ബാധകമല്ലാത്ത കരാർ ജീവനക്കാർക്ക് വിതരണം ചെയ്യുന്ന വേതനവും ആനുകൂല്യങ്ങളും പുനർനിർണയിക്കാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും സേവനമനുഷ്ഠിക്കുന്ന കരാർ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും പഠിച്ച് മുപ്പതു ദിവസത്തിനകം ശുപാർശകൾ സമർപ്പിക്കാൻ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുമുണ്ട്. വേദനാജനകമായ നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നതെങ്കിലും ഇത് അനിവാര്യമാണ്. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ ധന, സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കാൻ ഇവ പ്രയോജനപ്രദവുമാകുമെന്നും മുഹമ്മദ് അൽജദ്ആൻ പറഞ്ഞിരുന്നു. 

Latest News