ഇടുക്കി- പരിശോധനയില്‍ പിതാവ് കോവിഡ് രോഗബാധിതനാണെന്ന് കണ്ടെത്തിയ മകന്‍ ആശുപത്രിയില്‍നിന്നു കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ പൂട്ടിയിട്ടു. കേരള അതിര്‍ത്തി ഗ്രാമമായ ഉദുമലൈയിലാണ് സംഭവം നടന്നത്.
രഹസ്യവിവരം ലഭിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടുമലൈ സ്വദേശിയായ രാജശേഖര്‍ (83) വെള്ളിയാഴ്ചയാണ് ചെന്നൈയില്‍നിന്നു ഉദുമലൈയില്‍ എത്തിയത്. രോഗലക്ഷണങ്ങള്‍ കാട്ടിയ പിതാവിനെ മകന്‍ കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കായി എത്തിച്ചു. ഇവിടെ
കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായി.
ഇതറിഞ്ഞ മകന്‍ ബാലാജി അച്ഛനെ ആശുപത്രിയില്‍നിന്നു ആരും അറിയാതെ കടത്തിക്കൊണ്ടുപോയി  ഉദുമലൈയിലെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. രഹസ്യവിവരം ലഭിച്ച ഉദുമലൈ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും പിടികൂടി കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര ചികില്‍സ
നല്‍കി. ഇവരുടെ വീടിരിക്കുന്ന തെരുവ് അടച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു.







 
  
 