കടല്‍ക്ഷോഭത്തില്‍ പാറയിലിടിച്ച് തകര്‍ന്ന ഡ്രഡ്ജര്‍ കടലില്‍ മുങ്ങി

കൊച്ചി-  ചെല്ലാനം തീരത്ത് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിനായി  എത്തിച്ച ഡ്രഡ്ജര്‍ കടലില്‍ മുങ്ങി താഴ്ന്നു. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. കരയില്‍ നിന്ന് പത്ത് മീറ്റര്‍ അകലെയാണ് ഡ്രഡ്ജര്‍ മുങ്ങിയത്. പുലര്‍ച്ചെ കടലില്‍ ആങ്കര്‍ചെയ്ത ഡ്രഡ്ജര്‍ കടല്‍തിരയടിച്ചു തകര്‍ന്ന് തീരത്തെത്തിയിരുന്നു. തകര്‍ന്ന ഡ്രഡ്ജര്‍ ഏത് സമയത്തും മുങ്ങി താഴ്ന്നുപോയേക്കാമെന്ന് നാട്ടുകാര്‍ കരാറുകാരനെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി കടല്‍ പ്രക്ഷുബ്ധമായി തുടരുകയാണ്. ഉയര്‍ന്നുപൊങ്ങിയ തിരമാലകള്‍ നാലുഭാഗത്തും ആങ്കര്‍ ചെയ്തിട്ടിരിക്കുകയായിരുന്ന ഡ്രഡ്ജറിനെ തിരയടിച്ച് കടല്‍ഭിത്തിക്ക് സമീപത്തേക്ക് എത്തിക്കയായിരുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും ഫിഷിംഗ് ബോട്ട് എത്തിച്ച് ഡ്രഡ്ജര്‍ വലിച്ച് മാറ്റി മറ്റൊരിടത്തേക്ക്  എത്തിക്കുന്നതിനുള്ള നീക്കവും പരാജയപ്പെട്ടു. കരാറുകാരന് കോടികളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. 125 കെ വി എ യുടേയും, 82 കെ വിഎ യുടേയും രണ്ട് ടൊയോ പമ്പുകള്‍ ഡ്രഡ്ജറില്‍ നിന്ന്  വേര്‍പെട്ട് കടലില്‍മുങ്ങി പോയിരുന്നു.  മുങ്ങിത്താണ ഡ്രഡ്ജര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല.

 

Latest News